ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചക്രവർത്തി സംവിധാനം ചെയ്ത ശിവകാർത്തികേയൻ ചിത്രമാണ് ഡോൺ. പ്രിയങ്കാ മോഹനാണ് ചിത്രത്തിൽ നായികയായെത്തിയത്. ഇപ്പോളിതാ, ചിത്രം നൂറു കോടി ക്ലബ്ബിൽ കയറി എന്ന വാർത്തയാണ് വരുന്നത്. റിലീസ് ചെയ്ത് 12 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ ഈ നേട്ടം. സോണി മ്യൂസിക് സൗത്തിന്റെ ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, തുടർച്ചയായ രണ്ട് ചിത്രങ്ങളാണ് ശിവകാർത്തികേയന്റേതായി നൂറ് കോടി ക്ലബ്ബിൽ എത്തുന്നത്. നേരത്തെ റിലീസ് ചെയ്ത, നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ഡോക്ടറും 100 കോടി നേടിയിരുന്നു.
മെയ് 13ന് തിയേറ്ററുകളിൽ എത്തിയ ആക്ഷൻ – കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജനികാന്ത് ഉൾപ്പെടെയുള്ളവർ ശിവകാർത്തികേയനെ പ്രശംസിച്ച് എത്തിയിരുന്നു. ശിവകാർത്തികേയൻ മികച്ച അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നതെന്നും, അവസാനത്തെ മുപ്പതു മിനുട്ടു കണ്ട ശേഷം കരച്ചിൽ അടക്കാൻ കഴിഞ്ഞില്ലെന്നുമായിരുന്നു രജനികാന്ത് പറഞ്ഞത്.
ശിവകാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ശിവാങ്കി കൃഷ്ണകുമാർ, സമുദ്രക്കനി, സൂരി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനായി സംഗീതം
ഒരുക്കിയത്. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്. പിആർഓ പ്രതീഷ് ശേഖർ.
Post Your Comments