മലയാളികൾക്ക് എക്കാലവും ഓർമ്മിക്കാൻ നിരവധി ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സംവിധായകൻ പ്രിയദർശനും നടനവിസ്മയം മോഹൻലാലും. മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് മോഹൻലാലും പ്രിയദർശനും അവസാനമായി ഒന്നിച്ച ചിത്രം. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിനായിരുന്നു ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കുഞ്ഞാലി മരക്കാറുടെ നേതൃത്വത്തിൽ പോർച്ചുഗീസുകാർക്കെതിരെ നടന്ന ഇതിഹാസ യുദ്ധത്തിന്റെ കഥയാണ് സിനിമ പറഞ്ഞത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രണവ് മോഹൻലാൽ, അർജുൻ സർജ, പ്രഭു, സുനിൽ ഷെട്ടി, അശോക് സെൽവൻ, മുകേഷ്, നെടുമുടി വേണു, മഞ്ജു വാര്യർ, കീർത്തി സുരേഷ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നിരുന്നു.
ഇപ്പോളിതാ, മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. എം ടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജിയിലെ മോഹൻലാൽ – പ്രിയദർശൻ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ഓളവും തീരവും എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ജൂലൈ ആദ്യവാരം ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
1957ൽ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് ഓളവും തീരവും. ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുക.1970ൽ പി എൻ മേനോന്റെ സംവിധാനത്തിൽ ഈ ചെറുകഥ സിനിമയാക്കിയിരുന്നു. അന്ന്, മധു ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
Post Your Comments