ബോളിവുഡിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് യുവ തിരക്കഥാകൃത്ത് വിശാൽ എ സിംഗ്. സംവിധായകൻ കരൺ ജോഹർ തന്റെ തിരക്കഥ മോഷ്ടിച്ചെന്ന ആരോപണവുമായാണ് വിശാൽ രംഗത്തെത്തിത്. കരൺ ജോഹറിന്റെ ധർമാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം ജഗ് ജഗ് ജിയോക്കെതിരെയാണ് ആരോപണം. രാജ് മെഹ്ത സംവിധാനം ചെയ്ത്, ഈ വരുന്ന ജൂൺ 24 പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണിത്. കരൺ ജോഹറും സുമിത് ഭടേജയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുരാഗ് സിങ്ങിന്റേതാണ് കഥ.
എന്നാൽ, സിനിമയുടേത് തന്റെ തിരക്കഥയാണെന്നും തന്റെ അറിവോ അനുവാദമോ ഇല്ലാതെയാണ് കരൺ ഈ സിനിമയെടുത്തതെന്നുമാണ് വിശാൽ പറയുന്നത്. 2020ൽ ബണ്ണി റാണി എന്ന പേരിൽ എഴുതിയ തിരക്കഥ ധർമാ പ്രൊഡക്ഷൻസിന് നൽകിയിരുന്നതാണെന്നും, ആ തിരക്കഥയാണ് കരൺ ജോഹർ മോഷ്ടിച്ചതെന്നുമാണ് ആരോപണം. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിശാൽ ഇക്കാര്യങ്ങൾ പറയുന്നത്. ധർമാ പ്രൊഡക്ഷൻസിന് അയച്ചു കൊടുത്ത തിരക്കഥയുടെ സ്ക്രീൻഷോട്ടും മറ്റു വിവരങ്ങളും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കരൺ ജോഹറിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും വിശാൽ വ്യക്തമാക്കി.
അതേസമയം, വിശാലിന്റെ ആരോപണം വൈറൽ ആയതോടെ നിരവധി ആളുകളാണ് വിശാലിന് പിന്തുണ അറിയിച്ച് രംഗത്തെത്തുന്നത്. എന്നാൽ, ആരോപണത്തിൽ കരൺ ജോഹറോ ധർമാ പ്രൊഡക്ഷൻസോ ഇതുവരെ മറുപടി നൽകിയിട്ടില്ല.
Post Your Comments