ഈ അടുത്ത കാലത്ത് ഇന്ത്യൻ ചലച്ചിത്ര ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം ഹിന്ദി ഭാഷാ വിവാദമായിരുന്നു. ഹിന്ദി രാഷ്ട്ര ഭാഷയല്ലെന്നുള്ള കന്നഡ നടൻ കിച്ചാ സുദീപിന്റെ അഭിപ്രായമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇപ്പോളിതാ, ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സുദീപ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്.
എന്തെങ്കിലും രീതിയിലുള്ള തർക്കമോ കലഹമോ ഉണ്ടാക്കാൻ താനുദ്ദേശിച്ചിരുന്നില്ലെന്നും, തന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നുമാണ് താരം പറയുന്നത്.
സുദീപിന്റെ വാക്കുകൾ:
ഞാൻ കന്നഡയെ മാത്രം പ്രതിനിധീകരിക്കുന്നില്ല. എല്ലാവരുടെയും മാതൃഭാഷയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്, പ്രധാനമന്ത്രിയുടെ വാക്കുകൾ കൊണ്ട് ഇന്ന് ഞാൻ ബഹുമാനിക്കപ്പെട്ടു. ഞങ്ങൾ നരേന്ദ്ര മോദിയെ ഒരു രാഷ്ട്രീയക്കാരനായിട്ടല്ല കാണുന്നത്. ഒരു നേതാവായിട്ടാണ് കാണുന്നത്.
അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തിൽ, ബിജെപി എല്ലാ ഇന്ത്യൻ ഭാഷകളേയും ബഹുമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
‘കെജിഎഫിലൂടെ കന്നടയിൽ നിന്ന് ഒരു പാൻ ഇന്ത്യൻ സിനിമ ഉണ്ടായിരിക്കുകയാണ് എന്നാണ് പറയുന്നത്. എനിക്കൊരു ചെറിയ തിരുത്തുണ്ട്. ഹിന്ദി ഇനി ഒരിക്കലും ഒരു ദേശീയ ഭാഷയാവില്ല. അവരിന്ന് പാൻ ഇന്ത്യൻ സിനിമകൾ ചെയ്യുന്നുണ്ട്. തെലുങ്കിൽ നിന്നും തമിഴിൽ നിന്നുമൊക്കെ ചിത്രങ്ങൾ ഡബ് ചെയ്ത് വിജയിപ്പിക്കാനും അവർ ശ്രമിക്കുന്നു. പക്ഷേ നടക്കുന്നില്ല. എന്നാൽ, ഇന്ന് എല്ലായിടത്തും കാണിക്കാവുന്ന സിനിമകൾ നമ്മൾ നിർമ്മിക്കുന്നു’, ഇതായിരുന്നു സുദീപിന്റെ പ്രസ്താവന.
എന്നാൽ, ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ പിന്നെന്തിനാണ് മറ്റ് ഭാഷാ ചിത്രങ്ങൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തു കാണിക്കുന്നതെന്ന ചോദ്യവുമായി അജയ് ദേവ്ഗൺ രംഗത്തെത്തിയതോടെയാണ് ഭാഷാ വിവാദം ആളിപ്പടർന്നത്.
Post Your Comments