സിനിമാ ആസ്വാദകർക്ക് പ്രിയപ്പെട്ട സംവിധായകനും സിനിമാട്ടോഗ്രാഫറുമാണ് സന്തോഷ് ശിവൻ. നിരവധി അവാർഡുകളും നിരൂപക പ്രശംസയും നേടിയിട്ടുള്ള ബോളിവുഡ് സിനിമകൾ സന്തോഷ് ശിവൻ ഒരുക്കിയിട്ടുണ്ട്. തെന്നിന്ത്യൻ ഭാഷകളിലും സന്തോഷ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
മലയാളത്തിൽ സന്തോഷ് ശിവൻ ആദ്യമായി സംവിധാനം ചെയ്തത് 2005ൽ പുറത്തിറങ്ങിയ അനന്തഭദ്രം എന്ന ചിത്രമായിരുന്നു. പൃഥ്വിരാജ്, മനോജ് കെ ജയൻ, കാവ്യാമാധവൻ, കലാഭവൻ മണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. പിന്നീട്, 2011ൽ ഉറുമി എന്ന ചിത്രവും സന്തോഷിന്റെ സംവിധാനത്തിൽ പിറന്നു.
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായെത്തിയ ജാക്ക് ആന്‍ഡ് ജിൽ എന്ന ചിത്രമാണ് സന്തോഷിന്റേതായി അവസാനം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് സന്തോഷ് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയെ വെച്ച് ഒരു ചരിത്ര സിനിമ ചെയ്യാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് സന്തോഷ് നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
‘മമ്മൂട്ടിയെ വെച്ച് ഇപ്പോള്‍ ഒരു ചരിത്ര സിനിമ ചെയ്യാൻ ആലോചിച്ചിട്ടില്ല. ഒരു ചരിത്ര സിനിമ എടുക്കണം എന്ന് പ്ലാന്‍ ചെയ്യുന്നുണ്ട്. അത് പൃഥ്വിരാജിനെ വെച്ചാണ്. ഒന്നും തീരുമാനിച്ച് ഉറപ്പിച്ചിട്ടില്ല. അദ്ദേഹം ഇങ്ങോട്ട് വരട്ടെ, അദ്ദേഹം യാത്രയിലാണല്ലോ. ആടുജീവിതം എന്നൊക്കെ പറഞ്ഞ്. തിരിച്ച് വരുമ്പോള്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാം. മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാന്‍ പ്ലാന്‍ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഇല്ല’, സന്തോഷ് ശിവന് പറഞ്ഞു.
Post Your Comments