ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീലിനൊപ്പം പ്രഭാസ് ഒന്നിക്കുന്ന ചിത്രമാണ് സലാർ. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. പൃഥ്വിരാജ്, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഒരു അധോലോക നായകനായാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്.
ഇപ്പോഴിതാ, സിനിമയുടെ അപ്ഡേറ്റുകൾ ഒന്നും വരുന്നില്ല എന്ന് പറഞ്ഞ് ഒരു പ്രഭാസ് ആരാധകൻ ആത്മഹത്യ ഭീഷണി മുഴക്കിയിരിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് കാട്ടി ആരാധകൻ സംവിധായകൻ പ്രശാന്ത് നീലിനാണ് കത്തെഴുതിയത്. ഈ ആത്മഹത്യ ഭീഷണി കത്ത് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
സലാറിന്റെ ഗ്ലിംസിനെക്കുറിച്ചുള്ള അപ്ഡേറ്റ് ഉടൻ പുറത്തുവിടുമെന്നാണ് സംവിധായകൻ പ്രശാന്ത് നീൽ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, ഒരു മാസം പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്ത് വിട്ടിരുന്നില്ല. ‘സംവിധായകനോടും നിർമ്മാതാക്കളോടും ചോദിച്ച് തങ്ങൾക്ക് മടുത്തു. നേരത്തെ സാഹോയ്ക്കും രാധേ ശ്യാമിനും ഇത് തന്നെ സംഭവിച്ചു. സലാറിന്റെ വിഷയത്തിൽ ഇത് ആവർത്തിക്കാൻ അനുവദിക്കില്ല. ഈ മാസാവസാനത്തോടെ സലാറിന്റെ ഗ്ലിംസ് പുറത്തുവിടാത്ത പക്ഷം ഞാൻ ആത്മഹത്യ ചെയ്യും’, എന്നിങ്ങനെയാണ് ആരാധകൻ കത്തിൽ എഴുതിയിരുക്കുന്നത്.
നേരത്തെ, പ്രഭാസ് ചിത്രം രാധേ ശ്യാം പ്രതീക്ഷിച്ച വിജയം നേടാത്തതിൽ മന:നൊന്ത് ഒരു ആരാധകർ ആത്മഹത്യ ചെയ്തത് വാർത്തയായിരുന്നു.
ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗര്‍ സ്വദേശിയായ 24കാരനായ രവി തേജയാണ് ജീവനൊടുക്കിയത്.
Post Your Comments