കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ ഷഹനയെ വാടക വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹന ജനലഴിയിൽ തൂങ്ങി മരിച്ചതാണെന്നായിരുന്നു ഭർത്താവ് സജാദ് പറഞ്ഞത്. ഷഹനയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. സംഭവത്തിൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി സജാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇപ്പോളിതാ, ഷഹനയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ ജോളി ബാസ്റ്റ്യൻ രംഗത്തെത്തിയിരിക്കുകയാണ്. ഷഹന നായികയായെത്തിയ ‘ലോക്ഡൗൺ’ എന്ന ചിത്രം സംവിധാനം ചെയ്തത് ജോളിയായിരുന്നു. എന്തോ ഒരു ഭയം ഷഹനയെ അലട്ടുന്നത് പോലെയാണ് തോന്നിയതെന്നാണ് ജോളി പറയുന്നത്. സിനിമയുടെ സെറ്റിൽ വച്ച് തന്നെ ഷഹനയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ജോളിയുടെ വാക്കുകൾ:
സജാദും ഷഹനയും ഒരുമിച്ചാണ് സെറ്റിൽ വന്നിരുന്നത്. സിനിമയുടെ സെറ്റിൽ വച്ച് തന്നെ ഷഹനയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴും മർദ്ദിച്ചതിന്റെ പാടുകൾ ശരീരത്തിൽ കണ്ടപ്പോൾ കാര്യങ്ങൾ ചോദിച്ചിരുന്നു, പ്രശ്നങ്ങൾ മാറുമെന്നും അവൻ നന്നാകുമെന്നുമായിരുന്നു ഷഹന പറഞ്ഞത്.
അവൾ ജോലി ചെയ്തുണ്ടാക്കുന്ന പണത്തിലാണ് അവന്റെ കണ്ണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഷഹനയ്ക്ക് എത്ര വിഷമം ഉണ്ടെങ്കിലും എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കും. എന്നാൽ, ഭർത്താവ് വരുമ്പോൾ ഒരുപാട് മാറും. എന്തോ ഒരു ഭയം അവളെ അലട്ടുന്നത് പോലെയാണ് എനിക്ക് തോന്നിയത്.
Post Your Comments