ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ‘മേരി ആവാസ് സുനോ’യ്ക്ക് തിയേറ്ററിലെങ്ങും മികച്ച അഭിപ്രായം. സ്വന്തം ശബ്ദത്തെ ശരീരത്തിനുമപ്പുറം വ്യക്തിത്വത്തിന്റെ പൂർണ അടയാളമായി കാണുന്ന റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു മെലഡി പോലെ സുന്ദരമെന്നാണ് സിനിമയെ കുറിച്ച് പ്രേക്ഷകർ പറയുന്നത്. സംതൃപ്തമായി മുന്നോട്ടു പോകുന്ന ആർ.ജെ ശങ്കറിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന വഴിത്തിരിവുകളാണ് ചിത്രം പറയുന്നത്. വ്യത്യസ്തമായ അവതരണശൈലിയിലൂടെയാണ് സംവിധായകൻ പ്രജേഷ് സെൻ കഥാഗതിയെ മുന്നോട്ട് കൊണ്ടുപോകുന്നത്. കാണികളെ പിടിച്ചിരുത്തും വിധം മനോഹരമായാണ് സിനിമ മുന്നോട്ട് പോകുന്നത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവദയും പ്രധാന വേഷത്തിലെത്തുന്നു.
തിരുവനന്തപുരം നഗരത്തിലെ പ്രശസ്തനായൊരു റേഡിയോ ജോക്കിയാണ് ശങ്കര്‍. കരിയറില്‍ ഏറെ നേട്ടങ്ങള്‍ കൈവരിച്ച ശങ്കര്‍ ന്യൂസ് റീഡറായ ഭാര്യ മെറിളിനും (ശിവദ) മകനുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ തിരിച്ചടി അയാൾക്കുണ്ടാകുന്നത്. ആ സംഭവത്തിന് ശേഷം ശങ്കറിന്റെ ജീവിതം ഇരുട്ടിലേക്ക് പോകുന്നു. ഈ സമയം, ഇവർക്കിടയിലേക്ക് സാമൂഹിക പ്രവര്‍ത്തകയും ഡോക്ടറുമായ രശ്മി പാടത്ത് (മഞ്ജു വാര്യർ) കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
Also Read:ഓരോ നിമിഷവും തല്ലിക്കൊല്ലാനോ മോന്ത പിടിച്ച് റോട്ടിലൊരയ്ക്കാനോ തോന്നിപ്പിച്ചു: ശൈലന്റെ കുറിപ്പ്
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയ പറയുന്നത്. ‘സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ തോന്നുന്നൊരു വൈബ് ഇല്ലേ? ആ വൈബ്, സിനിമ കണ്ടാലും ലഭിക്കും. ഒട്ടും ബോറടിപ്പിക്കാത്ത, ഡാര്‍ക്കല്ലാത്ത, ചില പുതിയ കാര്യങ്ങള്‍ സംസാരിക്കുന്ന, തിയേറ്ററില്‍ പോയി കാണേണ്ട ഫീല്‍ ഗുഡ് സിനിമയാണ് മേരി ആവാസ് സുനോ. മഞ്ജുവിന്റെ കഥാപാത്രം പോലൊരാള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി’, മനോജ് രാം സിങ് മൂവി ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
‘മലയാളിയുടെ നടപ്പുസദാചാരം, പാരമ്പര്യപ്പെട്ട ശീലങ്ങള്‍, കുടുംബജീവിതം, വ്യക്തി ബന്ധങ്ങള്‍, ആൺ-പെൺ സൗഹൃദം എന്നിവയെ കുറിച്ച് പുതിയ ചിന്തകളും വിചിന്തനങ്ങളും ഈ സിനിമയിലുടനീളം മുന്നോട്ട് വെക്കുന്നുണ്ട്. പെൺകുട്ടികളോട് അവരുടെ സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ സ്വയം സ്ഥാപിക്കാനും രാത്രിയെ ഭയപ്പെടരുതെന്നും, സൂര്യാസ്തമയം എന്നത് അത് പകലിന്റെ ഒരു തണൽ മറവാണെന്നും മറിച്ച് ലോകാവസാനമല്ലായെന്നുമുള്ള സ്ത്രീ കേന്ദ്രീകൃതമായ സംഭാഷണങ്ങൾ കൊണ്ടു കൂടി സമ്പന്നമായ ചിത്രം സ്ത്രീകളോടുള്ള നമ്മുടെ സമൂഹത്തിന്റെ ‘നോട്ടപ്പിശകു’കളെ കുറിച്ച് സൂക്ഷ്മമായും കണിശമായും സംസാരിക്കുവാൻ ധൈര്യപ്പെടുന്നുണ്ട്’, മഹമൂദ് മൂടാടി സിനിമ പാരഡിസോ ക്ലബ്ബിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
Post Your Comments