ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസിൽ ചേക്കേറിയ നടിയാണ് ശോഭന. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. മമ്മൂട്ടിയെ നായകനാക്കി ഭരതൻ ഒരുക്കിയ ഇതിരി പൂവേ ചുവന്ന പൂവേ എന്ന ചിത്രത്തിലെ സുഭദ്ര എന്ന കഥാപാത്രത്തിലൂടെ ശോഭന ശ്രദ്ധേയയായി. പിന്നീട്, 1980, 90 കാലഘട്ടത്തിൽ മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായി ശോഭന മാറി. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന തിരിച്ചെത്തിയിരുന്നു.
ഇപ്പോളിതാ, അനുയോജ്യമായ വേഷങ്ങൾ കിട്ടിയാൽ താൻ സിനിമയിലേക്ക് വരും എന്ന് പറയുകയാണ് പ്രിയ നടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്.
ശോഭനയുടെ വാക്കുകൾ:
വീണ്ടും സിനിമയില്‍ അഭിനയിക്കാൻ ഒരുക്കമാണ്. എനിക്ക് അനുയോജ്യമായ വേഷങ്ങള്‍ കിട്ടിയാല്‍ ഞാന്‍ അഭിനയിക്കാന്‍ തയ്യാറാണ്. നമ്മള് എല്ലാവര്ക്കും പ്രായം കൂടിക്കൊണ്ടേയിരിക്കും. അത് പ്രകൃതി നിയമമാണ്. നമുക്ക് പ്രായമാവുന്നു എന്ന സത്യം സന്തോഷത്തോടെ നേരിടണം. കാരണം നമ്മുടെ ഓരോ പ്രായത്തിലും ആസ്വദിക്കാന്‍ പറ്റുന്ന മനസ്സിന് സന്തോഷം പകരുന്ന ഒരു അനുഭവം തീര്‍ച്ചയായും നടന്നിരിക്കും. അതിനുശേഷം ആരോഗ്യം നല്ലതാണെങ്കില്‍ ഒന്നിനേയും ഭയക്കേണ്ടി വരില്ല. ജീവിതത്തില്‍ ഒന്നിനെക്കുറിച്ചും വേവലാതിപ്പെടരുത്.
കൂടാതെ, ഒട്ടേറെ പേരുടെ അഭിനയം എനിക്ക് ഇഷ്ടമാണ്. വളരെ അധികം ഇഷ്ടപ്പെട്ടത് മഞ്ജുവാര്യരുടെ അഭിനയമാണ്. മലയാളത്തില്‍ മഞ്ജു ഒട്ടനവധി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. തമിഴില്‍ അസുരന് എന്ന സിനിമയിലെ മഞ്ജുവിന്റെ അഭിനയം ഇഞ്ച് ബൈ ഇഞ്ചായി ഞാന്‍ ആസ്വദിച്ചു.
Post Your Comments