വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയ താരമായി മാറിയ അഭിനേത്രിയാണ് പൂർണിമ ഇന്ദ്രജിത്ത്. 2000 മുതൽ 2002 വരെയുള്ള രണ്ടു വർഷക്കാലമാണ് താരം സിനിമയിൽ സജീവമായിരുന്നത്. ഇക്കാലയളവിൽ 7 സിനിമകളിലാണ് അഭിനയിച്ചത്. പിന്നീട്, നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു. 20 വർഷത്തോളം പിന്നെ പൂർണിമയെ ബിഗ് സ്ക്രീനിൽ കണ്ടില്ല. 2019ൽ പുറത്തിറങ്ങിയ ‘വൈറസി‘ലൂടെയാണ് പൂർണിമ സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയത്.
ഇപ്പോളിതാ, വീണ്ടും സിനിമകളിൽ സജീവമാകാൻ ഒരുങ്ങുകയാണ് പൂർണിമ. ‘തുറമുഖം‘ ആണ് താരത്തിന്റെതായി പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ മലയാള ചിത്രം. ഹിന്ദിയിലും അരങ്ങേറ്റം കുറിച്ച സന്തോഷത്തിലാണ് താരമിപ്പോൾ. ‘കോബാൾട് ബ്ലു‘ എന്ന സിനിമയാണ് പൂർണിമയുടെ ആദ്യ ബോളിവുഡ് ചിത്രം. മികച്ച പ്രതികരണമാണ് താരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്നത്. എന്നാൽ, വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് പൂർണിമ ഇപ്പോൾ.
പൂർണിമയുടെ വാക്കുകൾ:
രണ്ട് വർഷം ആണ് ഞാൻ സിനിമയിൽ സജീവമായി ഉണ്ടായിരുന്നത്. 2000 മുതൽ 2002 വരെ ഏഴു സിനിമകളിൽ അഭിനയിച്ചു. എന്നാൽ വിവാഹ ശേഷം വൈറസിൽ മാത്രമാണ് അഭിനയിച്ചത്. വിവാഹത്തിന് പിന്നാലെ ആരും തന്റെ അടുത്ത് കഥ പറയാൻ വന്നില്ല. അന്നൊക്കെ വിവാഹം കഴിഞ്ഞാൽ സിനിമയിൽ അഭിനയിക്കില്ല എന്നുള്ള ചിന്ത സമൂഹത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമയിൽ അത്രയും വലിയ ഇടവേള വന്നത്.
പിന്നീട് കുട്ടികൾ എത്തിയതോടെ ഉത്തരവാദിത്വവും കൂടി. അങ്ങനെ വലിയ ഗ്യാപ് വന്നു. പിന്നീട്, ‘വൈറസ്‘ ചെയ്യണം എന്ന് റിമയും ആഷിക്കും ഇങ്ങോട് ആവശ്യപെടുകയായിരുന്നു. അങ്ങനെ ആണ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ അഭിനയിക്കുന്നത്.
Post Your Comments