മലയാളികൾ എക്കാലവും നെഞ്ചേറ്റിയ നടനാണ് മമ്മൂട്ടി. സ്വാഭാവിക അഭിനയം കൊണ്ട്, കിട്ടുന്ന കഥാപാത്രങ്ങളെല്ലാം തന്റേതായ ശൈലിയിൽ മികവുറ്റതാക്കിയിട്ടുണ്ട് മമ്മൂട്ടി. താരത്തിന്റെ കരിയറിലെ ഒരു പിടി നല്ല ചിത്രങ്ങളാണ് ഈ
അടുത്ത് തിയേറ്ററുകളിലെത്തിയത്. അമൽ നീരദ് ഒരുക്കിയ ‘ഭീഷ്മ പർവ്വം‘ വൻ വിജയമായതിന് പിന്നാലെ ഇപ്പോൾ ‘സി.ബി.ഐ 5 ദി ബ്രെയി‘നും തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മെയ് 13ന് റിലീസ് ചെയ്യാനുള്ള ‘പുഴു‘വും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ്.
വിജയ ചിത്രങ്ങൾ ഒന്നൊന്നായി തിയേറ്ററിലെത്തുമ്പോൾ താരത്തിന്റെ ഒരു പഴയ അഭിമുഖം കൂടി പൊടിതട്ടി എടുത്തിരിക്കുകയാണ് ആരാധകർ. ടെലിവിഷൻ ജേണലിസ്റ്റ് കരൺ ഥാപ്പർ ബിബിസിക്ക് വേണ്ടി വർഷങ്ങൾക്ക് മുമ്പ് നടത്തിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. കരിയറിലെ മോശം കാലത്തിലൂടെ കടന്നു പോയപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് മമ്മൂട്ടി തുറന്ന് പറയുന്നത്.
മമ്മൂട്ടിയുടെ വാക്കുകൾ:
എൺപതുകൾ എന്റെ കരിയറിലെ വളരെ മോശം കാലമായിരുന്നു. ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. ആ സമയത്ത് ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്. ആളുകൾ എന്നെ ഒരു നടനെന്ന നിലയിൽ ഏറെ തരം താഴ്ത്തി. ഇപ്പോൾ അതേ കുറിച്ച് ആലോചിക്കുമ്പോൾ സന്തോഷം തോന്നുമെങ്കിലും, എന്റെ അനുഭവങ്ങൾ വളരെ വേദനിപ്പിക്കുന്നതായിരുന്നു.
എല്ലാം അവസാനിച്ചെന്ന് കരുതിയ സമയത്ത്, പക്ഷേ എനിക്ക് പുനർജന്മം സംഭവിച്ചു. എല്ലാം നഷ്ടപ്പെടുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ എല്ലാവരും ശ്രമിക്കും. എന്റെ ശ്രമം വിജയം കണ്ടെന്ന് പറയാം. എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയ സമയത്ത് സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട്.
Post Your Comments