പ്രേക്ഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ‘സി.ബി.ഐ‘ സിരീസിലെ അഞ്ചാമത്തെ ചിത്രമായ ‘സി.ബി.ഐ 5 ദി ബ്രെയിൻ ‘തിയേറ്ററിലെത്തിയിരിക്കുകയാണ്. എസ് എൻ സ്വാമിയുടെ കഥയിൽ കെ മധു തന്നെയാണ് അഞ്ചാം തവണയും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിൽ എത്തിച്ചത്. മലയാളികളെ ത്രില്ലടിപ്പിച്ച കുറ്റാന്വേഷണ കഥകളാണ് ‘സി.ബി.ഐ‘ സീരിസിലെ ചിത്രങ്ങൾ പറഞ്ഞത്. അതുകൊണ്ട് തന്നെ അയ്യരുടെ അഞ്ചാം വരവിൽ ഒളിപ്പിച്ച സസ്പെൻസ് എന്തായിരിക്കുമെന്നറിയാൻ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ, ഇന്നലെ ദുബായിൽ നടന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ ചിത്രത്തെ കുറിച്ചുള്ള രമേഷ് പിഷാരടിയുടെ കമന്റും അതിന് മമ്മൂട്ടി നൽകിയ മറുപടിയുമൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അഭിനയിച്ച തങ്ങൾക്ക് പോലും ചിത്രത്തിന്റെ ക്ലൈമാക്സ് എന്താണെന്ന് അറിയില്ലെന്നും, സിനിമ കണ്ടിട്ട് വേണം കഥയൊന്ന് മനസിലാക്കാൻ എന്നുമായിരുന്നു പിഷാരടി പറഞ്ഞത്. ലൊക്കേഷനിൽ എത്രയോ തവണ ഇതിന്റെ ഡയരക്ടറോടും എസ്.എൻ സ്വാമി സാറിനോടും ചോദിക്കും സത്യത്തിൽ ഇന്നയാളല്ലേ പ്രതി എന്ന്. നീ പോടാ എന്നായിരിക്കും സ്വാമി സാറിന്റെ മറുപടിയെന്നും പിഷാടരി പറയുന്നു. എന്നാൽ, ഇതിന് രസകരമായ മറുപടിയുമായി എത്തുകയായിരുന്നു മമ്മൂട്ടി.
‘സിനിമ കണ്ടാൽ നിങ്ങൾക്ക് തീർച്ചയായും മനസിലാകും അതൊന്നും പേടിക്കേണ്ട. പിഷാരടി പറയുന്നത് കേട്ടാൽ സിനിമ കണ്ടുകഴിഞ്ഞാലും കഥ നിങ്ങൾക്ക് ഞങ്ങളോട് ചോദിക്കേണ്ടി വരുമെന്ന് തോന്നും. അങ്ങനെയൊന്നും ഇല്ല കൃത്യമായി കഥ ഏതാണ്, എന്താണ് എന്നൊക്കെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടേ സിനിമയിൽ നിന്ന് ഞങ്ങൾ പോകൂ. പിഷാരടി എന്തിനാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്? നിങ്ങൾ ക്ലൈമാക്സിൽ അവിടെ ഉണ്ടായിരുന്നല്ലോ, നുണ പറയുന്നോ ചുമ്മാ ബിൽഡ് അപ്പാണ്. പിഷാരടിയിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചില്ല. ഷൂട്ട് ചെയ്യുമ്പോൾ ഇവൻ ഫുൾ ടൈം ഉണ്ടെന്നേ, ഷൂട്ട് ഇല്ലെങ്കിലും വരും. എന്നിട്ടും കഥ അറിയില്ലെന്ന് പറഞ്ഞാൽ, ആ സ്വാമിയെ ഞാൻ കാണട്ടെ. ഈ പറഞ്ഞത് സ്വാമി അറിയേണ്ട,’ മമ്മൂട്ടി പറഞ്ഞു.
Post Your Comments