ബോക്സ് ഓഫീസ് റെക്കോഡുകള്‍ തകർത്ത് പ്രയാണം തുടരുകയാണ് ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫ് ചാപ്റ്റര്‍ 2’. റിലീസ് ചെയ്ത നാലു ഭാഷകളിൽ നിന്നും ചിത്രം 100 കോടിയിലേറെ വരുമാനം നേടി. ഈ നേട്ടം കൈ വരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ‘കെജിഎഫ് ചാപ്റ്റര്‍ 2’. റിലീസ് ചെയ്ത് പതിനാല് ദിവസം പിന്നിടുമ്പോൾ 926 കോടിയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കലക്ഷന്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ബോക്സ് ഓഫീസിൽ കുതിക്കുന്നത്.
ഇന്ത്യന്‍ സിനിമയില്‍ റെക്കോഡ് കലക്ഷന്‍ നേടുന്ന നാലാമത്തെ ചിത്രമായി മാറാനൊരുങ്ങുകയാണ് ‘കെജിഎഫ്’. 2024 കോടി നേടിയ ‘ദംഗല്‍’ ആണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 1810 കോടി വരുമാനം നേടിയ ‘ബാഹുബലി ദ കൺക്ലൂഷനാ’ണ് തൊട്ടുപിന്നിലുള്ളത്. 1100 കോടി നേടിയ ‘ആര്‍ആര്‍ആര്‍’ ആണ് മൂന്നാമത്. നിലവിലെ കുതിപ്പ് തുടരാനായാല്‍ ‘ദംഗലി’ന്റെ ഇന്ത്യന്‍ ബോക്സ് ഓഫീസിലെ റെക്കോഡ് ‘കെജിഎഫ്’ ഭേദിക്കുമെന്നാണ് സിനിമാ നിരൂപകർ വിലയിരുത്തുന്നത്. 387.38 കോടിയാണ് ആമിർ ഖാന്റെ ‘ദംഗൽ’ ഇന്ത്യയിൽ നിന്നു മാത്രം നേടിയ കലക്ഷൻ. റിലീസ് ചെയ്ത് രണ്ടാഴ്ച മാത്രം പിന്നിട്ട ‘കെജിഎഫ്’ ഹിന്ദി പതിപ്പ് ഇതിനോടകം നേടിയ കലക്ഷൻ 330 കോടിയാണ്.
യാഷിനെ നായകനാക്കി പ്രശാന്ത് നീലാണ് ‘കെജിഎഫ് ചാപ്റ്റർ 2’ ഒരുക്കിയത്. ഏപ്രില്‍ 14 ന് റിലീസ് ചെയ്ത ചിത്രത്തിൽ ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ഠണ്ടന്, പ്രകാശ് രാജ്, ആനന്ദ് നാഗ്, മാളവിക അവിനാശ് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 2018 ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്.
Post Your Comments