തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ തമിഴ് നടിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ മീര മിഥുനെ അറസ്റ്റു ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നടി നൽകിയ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. നടിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് ജി ജയചന്ദ്രന്റെ ബെഞ്ചാണ് നിർദ്ദേശിച്ചത്.
പുറത്തുവരാനിരിക്കുന്ന സിനിമയായ ‘പേയ് കാണോ ‘മിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലെ ചാറ്റിലാണ് നടി എം,കെ സ്റ്റാലിനെതിരെ അശ്ലീലവും ആക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയതെന്നാണ് ആരോപണം. ഇതിന്റെ പേരിൽ സൈബർ പോലീസ് കേസെടുത്തതിനെ തുടർന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
ഗ്രൂപ്പിൽ ശബ്ദ സന്ദേശം വന്ന സമയത്ത് താൻ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നാണ് നടി മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞത്. നിർമ്മാതാവിൽ നിന്ന് പ്രതിഫലം ആവശ്യപ്പെട്ടതിനാലാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്നും നടി ആരോപിച്ചു. എന്നാൽ, ഇവർ സ്ഥിരമായി ഇത്തരം പ്രവൃത്തികൾ ചെയ്യുന്നയാളാണെന്ന് സർക്കാർ അഭിഭാഷകൻ എസ്. സന്തോഷ് ചൂണ്ടിക്കാണിച്ചു.
നേരത്തെ, സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ദളിത് അധിക്ഷേപത്തിന് സൈബർ വിംഗ് പോലീസ് നടിക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ഇവരെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കേരളത്തിലെ ആലപ്പുഴയിൽ നിന്നാണ് അറസ്റ്റു ചെയ്തത്. ബിഗ് ബോസ് ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയയായ മീര പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായിയാണെന്ന് അവകാശപ്പെടുന്നയാളാണ്.
Post Your Comments