മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘മേജര്‍’. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അദിവി ശേഷ് നായകനായെത്തുന്ന ചിത്രം 2022 ജൂണ്‍ 3ന് തിയേറ്ററുകളില്‍ എത്തും.
ശശി കിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. ശോഭിത ധൂലിപാല, സായി മഞ്ചരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
നേരത്തെ, സന്ദീപ് ഉണ്ണികൃഷ്ണന്റെ 45-ാം പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തിറക്കിയ ട്രബ്യൂട്ട് വീഡിയോ വൈറലായിരുന്നു. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതത്തിലെ ചിത്രങ്ങളും സിനിമയ്ക്കായി പുനരാവിഷ്കരിച്ച ചിത്രങ്ങളും ചേര്‍ത്തായിരുന്നു വീഡിയോ ഒരുക്കിയത്. 2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നല്കി ആദരിച്ചിരുന്നു.
Post Your Comments