പ്രേം നസീറിന്റെ സ്വപ്ന ഭവനമായ ‘ലൈല കോട്ടേജ് ‘വില്‍പ്പനയ്ക്ക് എന്ന വാര്‍ത്ത നിഷേധിച്ച് താരത്തിന്റെ ഇളയ മകള്‍ റീത്ത. വീട് വിൽക്കില്ലെന്നും നവീകരിച്ച് കുടുംബം തന്നെ സംരക്ഷിക്കാനാണ് തീരുമാനമെന്നും അവർ പറഞ്ഞു. വീട് സര്‍ക്കാരിന് വിട്ട് നല്‍കാന്‍ തയ്യാറല്ലെന്നും, ഇക്കാര്യം ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും റീത്ത കൂട്ടിചേർത്തു. വാടയ്ക്ക് വീട് നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവരെ ഒഴിവാക്കാന്‍ പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നതെന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞത്.
റീത്തയുടെ വാക്കുകള്‍:
വീട് വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. നേരത്തെ സ്‌കൂളിന് വീട് വാടകയ്ക്ക് നല്‍കിയിരുന്നു. അവർ അത് ശരിയായി സൂക്ഷിക്കാതെ നാശമാക്കിയപ്പോള്‍ അത് നിര്‍ത്തി. ആര്‍ക്കും കൊടുക്കുന്നില്ല. ഇടയ്ക്ക് പോയി വൃത്തിയാക്കും. കൃഷിയൊക്കെ ചെയ്യുന്നുണ്ട്. ഇടയ്ക്ക് ഒരു പാര്‍ട്ടി വന്ന് ഓഫീസ് ആയി ഉപയോഗിക്കാന്‍ ചോദിച്ചിരുന്നു. മകള്‍ രേഷ്മയോട് ചോദിച്ചപ്പോള്‍ ആര്‍ക്കും കൊടുക്കണ്ട എന്നാണ് പറഞ്ഞത്. ഒരാള്‍ വീട് വാങ്ങാന്‍ നില്‍ക്കുന്നുണ്ട് വില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കും. അപ്പോള്‍ വാടകയ്ക്ക് കൊടുത്താല്‍ അതൊരു തടസമാകുമെന്ന് അവരോട് പറഞ്ഞു. വാടകക്കാരെ ഒഴിവാക്കാന്‍ പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തയായത്.
വീട് വില്‍ക്കുന്നുണ്ടെന്ന് വാര്‍ത്ത വന്നതിന് ശേഷം നിരവധി ഓഫറുകളാണ് വന്നത്. ഇക്കാര്യം മകളോട് സംസാരിച്ചപ്പോൾ അവൾ പറഞ്ഞത് വിൽക്കാൻ താത്പര്യമില്ലെന്നാണ്. രണ്ട്, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വരും. നാട്ടിലെത്തി വീട് നവീകരിച്ച് ഹോളിഡേ ഹൗസായി ഉപയോഗിക്കാനാണ് തീരുമാനം. ആ വീട് കെട്ടിത്തീര്‍ന്നപ്പോഴാണ് ഞാന്‍ ജനിച്ചത്. ഡാഡി ഇവിടെ വരുമ്പോള്‍ അവിടെയാണ് താമസിക്കുന്നത്. കൂടുതലും മദ്രാസിലായിരുന്നു. സര്‍ക്കാരിന് വീട് വിട്ട് നല്‍കില്ല. ഇക്കാര്യവുമായി ആരും സമീപിച്ചിട്ടുമില്ല.
Post Your Comments