CinemaGeneralIndian CinemaLatest NewsMollywood

ഡയാന, നയൻതാര ആയതെങ്ങനെ? സത്യൻ അന്തിക്കാട് പറയുന്നു

മലയാള സിനിമയിലൂടെ ബി​ഗ് സ്ക്രീനിലെത്തിയ നയൻതാരയിപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർസ്റ്റാറായി മാറിയിരിക്കുകയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി നയൻതാര വളർന്നത് കഠിനാധ്വാനത്തിലൂടെയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’യാണ് ഡയാന എന്ന നയൻ‌താരയുടെ അരങ്ങേറ്റ ചിത്രം. ഇപ്പോളിതാ, നയൻതാരയുടെ സിനിമയിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. നയന്‍താര ചെയ്ത ഒരു പരസ്യത്തിന്റെ ഫോട്ടോ കണ്ടാണ് അഭിനയിക്കാൻ വിളിച്ചത്. എന്നാൽ, അഭിനയിക്കാൻ താല്പര്യമില്ലെന്നായിരുന്നു ആദ്യത്തെ മറുപടിയെന്നും അദ്ദേഹം പറയുന്നു.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ:

ഒരു മാഗസിന്‍ കവറില്‍ നയന്‍താര ചെയ്ത ഒരു പരസ്യത്തിലെ ഫോട്ടോ ആണ് ആദ്യം കാണുന്നത്. ആത്മവിശ്വാസമുള്ള ഒരു പെൺകുട്ടി എന്ന ഫീല്‍ തോന്നി. ഞാൻ ഉടനെ ആ മാസികയുടെ എഡിറ്ററെ വിളിച്ച് ആ കുട്ടി ആരാണ് എന്ന് അന്വേഷിച്ചു. പിന്നീട്, ഡയാനയെ വിളിച്ച് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഡയാന വന്നത്. അഭിനയമോഹവുമായി വരുന്ന കുട്ടി ഒന്നുമല്ലെന്ന് ഡയാനയുടെ വരവിൽ നിന്ന് മനസിലായി. പക്ഷെ, അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് തോന്നിയത് കൊണ്ട് അന്ന് തന്നെ ലുക്ക് ടെസ്റ്റ് എല്ലാം നടത്തി.

പിന്നീട്, നിങ്ങളെ നായികയായി ഫിക്‌സ് ചെയ്തു എന്ന് പറഞ്ഞപ്പോൾ, ‘ഇല്ല സര്‍ അഭിനയിക്കാന്‍ എനിക്ക് താത്പര്യമില്ല’ എന്നായിരുന്നു അവരുടെ മറുപടി. ബന്ധുക്കള്‍ക്കൊന്നും സിനിമയില്‍ അഭിനയിക്കുന്നതിനോട് യോജിപ്പില്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു, ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും എതിർപ്പുണ്ടോ എന്ന്, ഇല്ല എന്നായിരുന്നു മറുപടി. എന്നാല്‍ ഇങ്ങോട്ട് പോരു എന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് ‘മനസ്സിനക്കരെ’ എന്ന ചിത്രത്തില്‍ നായികയായെത്തുന്നത്.

ഡയാന എന്ന പേര് മാറ്റണം എന്ന് നിർദേശിച്ച ഞാൻ, അവർക്ക് കുറച്ച് പേരുകള്‍ എഴുതി കൊടുത്തിരുന്നു. അതില്‍ നിന്നാണ് നയന്‍താര എന്ന പേര് അവർ തെരഞ്ഞെടുക്കുന്നത്. വളരെ നല്ലൊരു സെലക്ഷൻ ആയിരുന്നു അത്. ഞാനല്ല, മറ്റാരെങ്കിലും അവസരം കൊടുത്തിരുന്നു എങ്കിലും അവര്‍ സിനിമയില്‍ എത്തുമായിരുന്നു. അതിനുള്ള ടാലന്റ് അവരുടെ ഉള്ളിലുണ്ട്. ഇപ്പോഴും ഞാനാണ് സിനിമയില്‍ കൊണ്ടു വന്നത് എന്ന സ്‌നേഹം മനസ്സില്‍ സൂക്ഷിക്കുന്ന ആളാണ് നയന്‍താര. ഇടയ്ക്ക് വിളിക്കാറുണ്ട്. അവര്‍ വളര്‍ന്ന് വന്നത് അവരുടെ കഴിവ് കൊണ്ട് മാത്രമാണ്.

shortlink

Related Articles

Post Your Comments


Back to top button