ഓസ്കാർ നിശയിൽ അവതാരകൻ ക്രിസ് റോക്കിനെ പരസ്യമായി മർദ്ദിച്ച ഹോളിവുഡ് നടൻ വിൽ സ്മിത്ത് ഇന്ത്യയിൽ. ഓസ്കാർ വേദിയിൽ ഭാര്യയെ കളിയാക്കിയതിന് അവതാരകനായ ക്രിസ് റോക്കിനെ വിൽ സ്മിത്ത് മുഖത്തടിച്ചത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. സംഭവത്തിന് ശേഷം ഒരു പൊതുപരിപാടിയിലും വിൽ സ്മിത്ത് പങ്കെടുത്തിരുന്നില്ല.
എന്തിനാണ് നടൻ ഇന്ത്യയിൽ എത്തിയതെന്ന് വ്യക്തമല്ല. ആത്മീയയാത്രയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഒരു ഹിന്ദു സന്യാസിയും വിൽ സ്മിത്തിനോടൊപ്പമുണ്ടായിരുന്നു എന്നാണ് വിവരം. ആത്മീയ രംഗത്തെ സദ്ഗുരുവുമായി വിൽ സ്മിത്ത് ഏറെ അടുപ്പം പുലർത്തുന്നുണ്ട്. നേരത്തെ, അമേരിക്കയിലെ സ്മിത്തിന്റെ വീട്ടിൽ കുടുംബസമേതം സദ്ഗുരുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
മുംബൈ എയർപോർട്ടിലെ പ്രൈവറ്റ് ടെർമിനലിൽ വെച്ചാണ് മാധ്യമങ്ങൾ വിൽ സ്മിത്തിനെ തിരിച്ചറിഞ്ഞത്. മുംബൈയിലെ ജെ.വി മാരിയറ്റ് ഹോട്ടലിൽ ആയിരുന്നു നടന്റെ താമസം. 2019ൽ അദ്ദേഹം ഹരിദ്വാർ സന്ദർശിച്ചിരുന്നു. കൂടാതെ, ആ സന്ദർശനത്തിൽ ‘സ്റ്റുഡൻറ് ഓഫ് ദ ഇയർ 2’ എന്ന സിനിമയിൽ ഒരു അതിഥി വേഷവും അദ്ദേഹം ചെയ്തിട്ടുണ്ട്.
ഓസ്ക്കർ നിശയിലെ വിവാദ സംഭവത്തിന്റെ പേരിൽ വിൽ സ്മിത്ത് അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സിൽ നിന്നും രാജിവച്ചിരുന്നു. 10 വർഷത്തേക്ക് ഓസ്കർ അക്കാദമിയുടെ പരിപാടികളിൽ പങ്കെടുക്കുന്നതിനും അദ്ദേഹത്തിന് വിലക്കുണ്ട്.
Post Your Comments