മലയാളികൾ നെഞ്ചേറ്റിയ ജോഡികളായിരുന്നു മോനിഷയും വിനീതും. അഞ്ചിലധികം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിനീതിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയായിരുന്നു മോനിഷ. ഇപ്പോളിതാ, മോനിഷയുടെ അപ്രതീക്ഷിത വിയോഗം തനിക്കേൽപ്പിച്ച വേദനയെക്കുറിച്ച് തുറന്ന് പറയുകയാണ് വിനീത്. ഏറ്റവും കൂടുതൽ ഹൃദയ വേദനയോടെ കേട്ട മരണവാർത്ത മോനിഷയുടെതായിരുന്നുവെന്നാണ് കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞത്.
വിനീതിന്റെ വാക്കുകൾ:
മോനിഷയുടെ മരണം വലിയ ഷോക്കായിരുന്നു. മരിക്കുന്നതിന് തലേദിവസം വരെ അവൾക്കൊപ്പമുണ്ടായിരുന്നു. ഞാൻ ചെന്നൈയിൽ നിന്നും വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. കണക്ടട് ഫ്ലൈറ്റായിരുന്നതിനാൽ മോനിഷയും അമ്മയും ബാംഗ്ലൂരിൽ നിന്നും കയറി. ചെപ്പടി വിദ്യയുടെ ഷൂട്ടിങിന് പോവുകയായിരുന്നു അവൾ. ചമ്പക്കുളം തച്ചൻ അന്ന് ഹിറ്റായി ഓടുന്ന സമയമാണ്. ഞാനും മോനിഷയും മോനിഷയുടെ അമ്മയും തിരുവന്തപുരത്ത് ഇറങ്ങി സിനിമ കാണാൻ പോയി. ശേഷം ഞാൻ ഷൂട്ടിംഗ് തിരക്കിലേക്ക് പോയി. പിന്നീട് തുടർച്ചയായ ഷൂട്ടിങ് കഴിഞ്ഞ് ഞാൻ തലശ്ശേരിയിൽ തിരിച്ചെത്തുമ്പോൾ അച്ഛനും അമ്മയും സഹോദരിയുമെല്ലാം ഗേറ്റിൽ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആദ്യം എന്താണെന്ന് മനസിലായില്ല. അപ്പോൾ അമ്മയാണ് അടുത്ത് വന്ന് കൈപിടിച്ച് മോനിഷ പോയി എന്ന് പറഞ്ഞത്.
അത് കേട്ടപ്പോൾ ആ ഒരു മരവിപ്പായിരുന്നു. ഒരു തീ ശരീരത്തിലൂടെ പോയ പ്രതീതി. വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ സിനിമയിലെ പരിചയക്കാരെ വിളിച്ചാണ് സത്യമാണെന്ന് മനസിലാക്കിയത്. ഉടൻ ഞാൻ കൊച്ചിക്ക് വന്നു. മൃതദേഹം ബാംഗ്ലൂർക്കാണ് കൊണ്ടുപോയത്. ശ്രീദേവിയാന്റിക്കൊപ്പം ബാംഗ്ലൂരിലേക്ക് സഹായിയായി പോയ ഞാൻ, സംസ്കാരം കഴിഞ്ഞ ശേഷമാണ് തിരികെ വന്നത്.
മോനിഷയേയും എന്നേയും ചേർത്ത് വന്ന ഗോസിപ്പുകൾ ഞങ്ങൾ വായിച്ചിരുന്നു. എപ്പോഴും എല്ലാവരും എന്തിനാണ് പ്രണയത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നും പ്രണയിച്ചാലോ എന്ന് മോനിഷ തമാശയ്ക്ക് ഒരിക്കൽ ചോദിച്ചിരുന്നു. അതൊരു തമാശ മാത്രമായിരുന്നു. ശരിക്കും പ്രേമിക്കാനൊന്നും അന്ന് രണ്ടുപേർക്കും സമയമുണ്ടായിരുന്നില്ല . ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു.
Post Your Comments