മോഹൻലാൽ ചിത്രം ‘ഒടിയന്റെ’ ഹിന്ദി പരിഭാഷ ഏപ്രിൽ 23 ന് പുറത്തിറങ്ങും. ചിത്രത്തിന്റെ ഹിന്ദി ഭാഷയിലുള്ള ട്രെയ്ലറും കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. പെൻ മൂവീസിൻ്റെ യൂട്യൂബ് ചാനലിലാണ് ട്രെയിലർ റിലീസായിരിക്കുന്നത്. ഇതേ ചാനലിലൂടെ ‘ഒടിയൻ’ ഹിന്ദി പതിപ്പ് റിലീസ് ചെയ്യും. 2018 ൽ ആണ് വി എ ശ്രീകുമാർ ഒരുക്കിയ ചിത്രം മലയാളത്തിൽ റിലീസ് ചെയ്തത്. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു നിർമ്മാണം.
‘ഒടിയൻ മാണിക്യൻ’ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. വടക്കൻ കേരളത്തിൽ മാത്രം കേട്ടിട്ടുള്ള ഒടിയൻ എന്ന സങ്കൽപ്പവും അതിനെ ചുറ്റിപറ്റിയുള്ള കഥകളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായെത്തി. സിദ്ദിഖ്, നരേൻ, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രേക്ഷക പ്രീതി നേടിയ ചിത്രം ആദ്യ 14 ദിവസം കൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തിൽ നേടി. ഇതോടെ മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ബോക്സോഫീസ് ഹിറ്റ് ചിത്രമായി ‘ഒടിയൻ’ മാറി. ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്ൻ ആയിരുന്നു ‘ഒടിയ’ന്റെ ചിത്രീകരണം ആരംഭിച്ചത് ഉത്തർപ്രദേശിലെ വാരണാസിയിലാണ്. പിന്നീട്, പാലക്കാട്, തസ്രാക്ക്, ഉടുമലൈപ്പേട്ടൈ, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. 12 മിനിറ്റ് ദൈർഘ്യമുള്ള ക്ലൈമാക്സ് രംഗം ചിത്രീകരിക്കുവാൻ 25 ദിവസം വേണ്ടിവന്നു.
Post Your Comments