
പാശ്ചാത്യ സിനിമകളിൽ നിന്ന് ഇന്ത്യൻ സിനിമ നിരവധി പകർപ്പുകൾ കൊണ്ടുവരാറുണ്ടെങ്കിൽ വിപരീതമായി സംഭവിക്കുന്നത് അപൂർവമായ കാര്യമാണ്. അത്തരത്തിൽ ഒരു കോപ്പി അടി ആരോപണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. മാർവൽ ചിത്രമായ ‘ഷാങ്-ചി ആൻഡ് ദി ലെജൻഡ് ഓഫ് ദ ടെൻ റിംഗ്സി’നെതിരെയാണ് ആരോപണം. ചിത്രത്തിലെ യുദ്ധരംഗം സഞ്ജയ് ലീല ബൻസാലിയുടെ ‘ബാജിറാവു മസ്താനി’യുടെ പകർപ്പാണെന്നാണ് റെഡ്ഡിറ്റ് അവകാശപ്പെടുന്നത്. രണ്ടു സിനിമകളിലെയും യുദ്ധരംഗങ്ങളുടെ ഫ്രേമും ഷോട്ടും ഒരുപോലെ തന്നെയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇത് സ്ഥിരീകരിക്കുന്ന വീഡിയോയും റെഡ്ഡിറ്റിൽ പങ്കുവച്ചിട്ടുണ്ട്.
രണ്ട് സീനുകളിലെയും ലോംഗ് ഷോട്ടിൽ യോദ്ധാവ് കുതിരപ്പുറത്തിരിക്കുന്ന രംഗവും ശത്രുവിന് നേരെ കുതിക്കുന്ന യോദ്ധാവിന്റെ ക്ലോസ് ഷോട്ടുളുമാണ് കോപ്പി അടിയാണെന്ന് പറയുന്നത്. ‘ഷാങ് ചി’യിൽ നിന്നുള്ള ഈ ദൃശ്യം ‘ബാജിറാവു മസ്താനി’യുടെ കൃത്യമായ പകർപ്പായിരുന്നു എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ ശരിവച്ചുകൊണ്ട് നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്.
ബോളിവുഡിൽ കഥകൊണ്ടും ചിത്രീകരണം, സാങ്കേതിക വിദ്യകൊണ്ടും ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ‘ബാജിറാവു മസ്താനി’. 2015ലാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാൽ മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് ചിത്രമായ ‘ഷാങ്-ചി ആൻഡ് ദ ലെജൻഡ് ഓഫ് ദ ടെൻ റിങ്‌സ്’ 2021ലാണ് പുറത്തിറങ്ങുന്നത്.
Post Your Comments