ബോളിവുഡ് ബോക്സോഫീസിൽ മുമ്പെങ്ങുമില്ലാത്തവിധം കളക്ഷൻ റെക്കോഡുമായി ‘കെജിഎഫ് 2’ ജൈത്രയാത്ര തുടരുന്നു. യഷ് നായകനായ ‘കെജിഎഫ് 2’ ഹിന്ദി പതിപ്പിന് വൻ സ്വീകാര്യതയാണ് കിട്ടിയത്. റോക്കി ഭായിയുടെ ആറാട്ട് കാണാൻ കാണികൾ തിയേറ്ററിലേക്ക് ഒഴുകി എത്തുകയാണ്. ചിത്രം ഇറങ്ങി ആദ്യ ആഴ്ച പിന്നിടുമ്പോൾ, ഹിന്ദി ബോക്സോഫീസിൽ നിന്ന് 250 കോടി രൂപയാണ് വാരിക്കൂട്ടിയത്.
ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ ഹിന്ദിയിൽ 250 കോടി കളക്ഷൻ നേടുന്ന ചരിത്രത്തിലെ ആദ്യ ചിത്രമായി ‘കെജിഎഫ് 2’ മാറി. ആദ്യ ആഴ്ചയിൽ 246.50 കോടി നേടിയ ‘ബാഹുബലി- ദി കൺക്ലൂഷൻ’ എന്ന ചിത്രത്തിന്റെ റെക്കോർഡാണ് ‘കെജിഎഫ് 2’ തിരുത്തി എഴുതിയത്. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ, മുംബൈയിൽ മാത്രം വാരാന്ത്യത്തോടെ ചിത്രം 100 കോടി നേടിയേക്കും.
യഷ്, സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ഠണ്ടൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഒരുക്കിയ ആക്ഷൻ ഡ്രാമയാണ് ‘കെജിഎഫ് 2’. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്തത്. ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന ദക്ഷിണേന്ത്യൻ ചിത്രങ്ങൾ ഇന്ത്യയിൽ അടുത്തകാലത്തായി ശ്രദ്ധ നേടുന്നുണ്ട് എന്നാണ് സിനിമ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. അതിനുള്ള ഉത്തമ ഉദാഹരമാണ് ‘കെജിഎഫ് 2’ ഹിന്ദിപതിപ്പിന്റെ വൻ വിജയം. ബോളിവുഡ് ചിത്രങ്ങൾക്ക് കിട്ടുന്നതിനേക്കാൾ ദക്ഷിണേന്ത്യൻ ചിത്രങ്ങൾക്ക് കൂടുതൽ സ്വീകാര്യത കിട്ടുന്നുണ്ടെന്ന് താരങ്ങൾ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. ‘ബാഹുബലി’, ‘പുഷ്പ’ തുടങ്ങിയ ചിത്രങ്ങളും ബോളിവുഡ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
Post Your Comments