CinemaGeneralLatest NewsMollywoodNEWS

ഒമ്പത് മക്കളിൽ മൂന്നാമത്തവനായ ഇന്ദ്രൻസിന് അമ്മയായിരുന്നു എല്ലാം: ഷിബു ഗോപാലകൃഷ്ണന്റെ കുറിപ്പ്

തിരുവനന്തപുരം: ഇന്നലെ വെളുപ്പിനായിരുന്നു നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതി മരണപ്പെട്ടത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന്, കുറച്ച് നാളായി കിടപ്പിലായിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഓർമ പൂർണമായും നഷ്ടപ്പെട്ടിരുന്നു. അസുഖം കൂടിയതിനെ തുടർന്ന്, കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. അഭിമുഖങ്ങളിലെല്ലാം അമ്മയെക്കുറിച്ച് ഇന്ദ്രൻസ് ഒരുപാട് സംസാരിച്ചിരുന്നു. അമ്മ ചിട്ടി പിടിച്ച് നൽകിയ പണം കൊണ്ട് വാങ്ങിയ തയ്യൽ മെഷീനിൽ നിന്നാണ് ജീവിതം തുടങ്ങുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇന്ദ്രൻസിൻ്റെ ജീവിതത്തിൽ അമ്മയുടെ സ്വാധീനത്തെ കുറിച്ച് ഷിബു ഗോപാലകൃഷ്ണൻ പങ്കിട്ട കുറിപ്പാണ് വീണ്ടും വൈറലാവുന്നത്.

ഷിബു ഗോപാലകൃഷ്ണന്റെ ഫേസ്‌ബുക്ക് കുറിപ്പിങ്ങനെ:

ആലഭാരങ്ങളും ആഢംബരങ്ങളും അഴിച്ചുവച്ചു ഇത്രമേൽ നിസാരനായി ഈ മനുഷ്യൻ ഇരിക്കുന്നതു കാണുമ്പോൾ ഉള്ളിലെ സൂര്യകിരീടങ്ങളെല്ലാം വീണുടയുന്നുണ്ട്. അയാൾ അഭിനയിക്കുകയല്ല, ആരോടും കൂറ് പ്രഖ്യാപിക്കുകയല്ല, അജണ്ടകളെ ഒളിച്ചു കടത്തുകയല്ല, തയ്യൽ മെഷീനു മുന്നിൽ ഇരുന്നിരുന്നു ജീവിതം തുന്നിയെടുത്ത ഒരു മനുഷ്യൻ ഞാൻ ആരാണ് എന്നു ആത്മാവിൽ തൊട്ടു അടയാളപ്പെടുത്തുകയാണ്. അയാളുടെ ജീവിതത്തിലെ ഏറ്റവും സത്യസന്ധമായ ഒരു വേഷത്തെ അത്രമേൽ സ്നേഹത്തോടെ ജീവിച്ചു കാണിച്ചുതരികയാണ്.

അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ ഒരു തയ്യൽമെഷീൻ വച്ചാണ് സുരേന്ദ്രൻ കൊച്ചുവേലു എന്ന ഇന്ദ്രൻസ് തയ്യൽക്കട ആരംഭിക്കുന്നത്. തൂവാനത്തുമ്പികൾക്കു വേണ്ടി വസ്ത്രാലങ്കാരം ചെയ്യുമ്പോഴാണ് പദ്മരാജനോട് ടൈറ്റിൽസിൽ ഇന്ദ്രൻസ് എന്നു ചേർത്തോട്ടെ എന്നുചോദിക്കുന്നത്. അതോടെ അയാളും ഇന്ദ്രൻസായി. പിന്നെ കൊടക്കമ്പിയായി, നെത്തോലിയായി, ഒരു മനുഷ്യ ശരീരത്തിനു താങ്ങാൻ കഴിയുന്നതിനും അപ്പുറത്തെ അവഹേളനങ്ങളുടെ അവമതിപ്പുകളുടെ അതിക്രൂരമായ പൊട്ടിച്ചിരികളായി.

Also Read:ഹിന്ദു നായിക ബീഫ് കഴിക്കുമ്പോൾ പശ്ചാത്തലത്തിൽ ശ്രീരാമ കീര്‍ത്തനം: ‘ഹൃദയ’ത്തിലെ രംഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം

യൂണിഫോമിനു വകയില്ലാത്തതു കൊണ്ട് നാലാം ക്‌ളാസിൽ പഠിപ്പു നിർത്തിയ, ഒരുപാടു താരങ്ങൾക്കു കോട്ടും സ്യൂട്ടും തയ്ച്ചുകൊടുത്ത അയാൾ, അയാൾക്കുവേണ്ടി ആദ്യമായി ഒരു കോട്ടും സ്യൂട്ടും തുന്നി ഷാങ്‌ഹായ്‌ ഫിലിം ഫെസ്റ്റിവലിന്റെ ചുവന്ന പരവതാനി നടക്കാൻ പോയി. ഗൗരവമേറിയ സീനുകൾ വരുമ്പോൾ സീനിന്റെ മുറുക്കം നഷ്ടപ്പെടാതിരിക്കാൻ ഒരുപാടു സീനുകളിൽ നിന്നും ഒഴിവാക്കപ്പെട്ട അയാൾ, മികച്ച നടനുള്ള സംസ്ഥാന അവാർഡ് പിടിച്ചു പിടിച്ചുവാങ്ങുന്ന അഭിനയ സാന്ദ്രതയായി.

ഈ ലോകത്തൊരു എട്ടാമത്തെ അദ്ഭുതമുണ്ടെങ്കിൽ അതു തന്റെ ജീവിതമാണെന്നും, ഞാൻ ആരുമല്ലെന്നും, കാര്യമായിട്ടൊന്നും ചെയ്തിട്ടില്ലെന്നും, പരിഭവങ്ങളില്ലാതെ അയാൾ പിന്നിലോട്ടു നീങ്ങിനിൽക്കുന്നു. എത്ര നിഷ്പ്രയാസമാണ് ഈ മനുഷ്യൻ നമ്മളുടെ ആത്മബോധങ്ങളുടെ നെറുകയിൽ ചുറ്റിക കൊണ്ടു ആഞ്ഞടിക്കുന്നത്.

ഇന്ദ്രൻസിന്റെ പിതാവ് കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഒമ്പത് മക്കളിൽ മൂന്നാമനാണ് ഇന്ദ്രൻസ്. ശാന്തകുമാരിയാണ് ഇന്ദ്രൻസിന്റെ ഭാര്യ. മഹിത, മഹേന്ദ്രൻ എന്നിവർ മക്കളാണ്. അമ്മയുമായി ഏറെ ആത്മബന്ധമുള്ള നടനാണ് ഇന്ദ്രൻസ്. ഇന്ദ്രൻസിന്റെ ഓർമക്കുറിപ്പുകൾ പുസ്തകമായപ്പോൾ അത് സമർപ്പിച്ച് ഇന്ദ്രൻസ് കുറിച്ചത് അമ്മയുടെ ഉള്ളുരുക്കങ്ങൾക്ക് എന്നായിരുന്നു.അമ്മ ചിട്ടിപിടിച്ചു വാങ്ങിയ തയ്യൽ മെഷിനിൽ നിന്നാണ് സുരേന്ദ്രൻ എന്ന ഇന്ദ്രൻസിന്റെ തുടക്കം സിനിമയിലേക്കുള്ള വഴി തുറന്നതും അങ്ങനെയാണ്.

shortlink

Related Articles

Post Your Comments


Back to top button