ജീവന് തുല്യം ആരാധിക്കുന്ന താരങ്ങളെ കാണാൻ ആരാധകർ ആഗ്രഹങ്ങൾ പകടിപ്പിക്കാറുണ്ട്. അത്തരത്തിൽ ഒരു കൊച്ചു ആരാധികയുടെ ആഗ്രഹം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.‘മമ്മൂട്ടി അങ്കിളെ, നാളെ എന്റെ ബർത്ത് ഡേ ആണ്. അങ്കിൾ എന്നെ ഒന്ന് കാണാൻ വരുമോ’ എന്ന് ആശുപത്രി കിടക്കയിൽ കിടന്ന് ചോദിക്കുന്ന കുട്ടിയുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ, കുഞ്ഞ് ആരാധികയുടെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് താരം.
ഓർമ നഷ്ടപ്പെടുന്ന അപൂർവരോഗത്തിനു ചികിത്സയിൽ കഴിയുന്ന തന്റെ ആരാധികയെക്കാണാൻ മമ്മൂട്ടിയെത്തി. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ഇവിടേക്ക് യാദൃശ്ചികമായി എത്തിയ മമ്മൂട്ടി ഡോക്ടർമാരിൽ നിന്നും ഈ ആരാധികയെക്കുറിച്ചും ആഗ്രഹത്തെക്കുറിച്ചും അറിഞ്ഞതോടെ കുട്ടിയെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന്, കിടക്കയ്ക്ക് അരികിലെത്തി ആരാധികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു.
മമ്മൂക്ക വന്ന് കണ്ടതാണ് ഏറ്റവും വലിയ സമ്മാനമെന്നു കുഞ്ഞ് ആരാധിക പറഞ്ഞു. നിർമാതാവ് ആന്റോ ജോസഫും പേഴ്സണൽ അസിസ്റ്റന്റ് എസ്. ജോർജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. കുഞ്ഞ് ആരാധികയുടെ ഒപ്പം നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
Post Your Comments