InterviewsLatest NewsNEWS

നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അര്‍ഹിച്ചിരുന്ന ആദരം ലഭിച്ചില്ല എന്ന് തോന്നിയിട്ടുണ്ട്: പ്രതിഭ പ്രതാപ ചന്ദ്രൻ

കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളിലൂടെ അഭിനയത്തിൽ തഴക്കം വന്ന ശേഷം സിനിമാ മേഖലയിലേക്ക് വന്ന നടനാണ് പ്രതാപ ചന്ദ്രന്‍. ഒരു വർഷം 38 സിനിമകളിൽ വരെ അഭിനയിച്ച ചരിത്രവും പ്രതാപ ചന്ദ്രന്റെ ജീവിതത്തിൽ ഉണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുള്ള താരം ‘ദീപം’ എന്ന സീരിയൽ നിർമ്മിച്ചു സംവിധാനം ചെയ്‌തു. ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ പ്രതിഭ, തന്റെ ഭർത്താവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മലയാളി വാര്‍ത്തയോട്. സിനിമയിലേക്ക് വരുന്നതിനു മുമ്പ് തന്നെ കുടുംബമായി അറിയുന്നവരായിരുന്നു താനും പ്രതാപ ചന്ദ്രനും എന്നാണ് പ്രതിഭ പറയുന്നത്.

പ്രതിഭയുടെ വാക്കുകൾ : 

വിവാഹം നടക്കുമ്പോൾ കാളിദാസ കലാകേന്ദ്രത്തോടൊപ്പം ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. വിവാഹ ശേഷമായിരുന്നു സിനിമയില്‍ എത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞു വന്ന് വിശേഷങ്ങള്‍ തന്മയത്തത്തോടെ കുടുംബത്തോട് പങ്കുവക്കുമായിരുന്നു. ലൊക്കേഷനില്‍ തങ്ങളും കൂടെ ഉള്ള പോലെ തന്നെ തോന്നുമായിരുന്നു.

കുട്ടിക്കാലം മുതലുള്ള അദ്ദേഹത്തിന്റെ കലയോടുള്ള സ്നേഹം എന്നും നിലനിര്‍ത്തിയിരുന്നു. ജീവിതത്തില്‍ ഈ സ്നേഹം എപ്പോഴും ഒരുപടി മുമ്പിലായിരുന്നു. സിനിമയില്‍ കത്തി നിൽക്കുമ്പോളും നാടകത്തോടായിരുന്നു കൂടുതല്‍ താല്പര്യം. സിനിമയില്‍ നിന്ന് ഇടയ്ക്കു പോയി നാടകത്തില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. സ്വന്തമായി ഒരു നാടക സമിതി അദ്ദേഹത്തിന്റെ സ്വപ്നം ആയിരുന്നു. സിനിമയില്‍ നിന്ന് വിട്ടു സീരിയലുകളില്‍ അഭിനയിക്കുമ്പോൾ നാടക സമിതി തുടങ്ങുന്നതിനെ പറ്റി അദ്ദേഹം വീണ്ടും ചിന്തിച്ചു. എന്നാല്‍ അത്രയും വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു നടക്കേണ്ട ഇപ്പോള്‍ വിശ്രമത്തിനുള്ള സമയമാണ് എന്ന് പറഞ്ഞു പിന്തിരിപ്പിച്ചിരുന്നതും താനാണ്.

അദ്ദേഹത്തിന്റെ ആഗ്രഹം ഓമല്ലൂരില്‍ ആവണം തന്റെ അവസാനനാളുകള്‍ എന്നും അത് നടക്കുകയും ചെയ്തു. എന്നാല്‍ അവിടെ വന്നതിനു ശേഷം പലരുമായും ഉള്ള ബന്ധങ്ങള്‍ വിട്ടുപോയി എന്ന് ഓര്‍ത്തു ദുഖിച്ചിരുന്നു. അക്ഷര സ്പുടതയോടെ സംസാരിക്കാന്‍ എന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അത് അഭിനയത്തിലും ജീവിതത്തിലും പാലിച്ചിരുന്നു. മദ്യപിച്ചു സംസാരിച്ചാല്‍ പോലും വ്യക്തമായി തന്നെ അദ്ദേഹം സംസാരിച്ചിരുന്നു. നടന്‍ എന്ന നിലയില്‍ അര്‍ഹിച്ചിരുന്ന ഒരു ആദരം ലഭിച്ചില്ല എന്ന് തനിക്കു തോന്നുന്നെങ്കിലും ഒരിക്കലും അദ്ദേഹത്തിനെ അതൊന്നും ബാധിച്ചിരുന്നില്ല. എന്നും തന്റെ പ്രിയപ്പെട്ട കഥാപാത്രം സിബിഐ യിലെ നാരായണന്‍ ആണെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button