InterviewsLatest NewsNEWS

നാളെ നമുക്ക് ഷൂട്ട് തുടങ്ങാം, പോയി തലമൊട്ടയടിച്ചൊയെന്ന് പറഞ്ഞു: ‘പെരുന്തച്ച’നിൽ എത്തിയതിനെ കുറിച്ച് മനോജ് കെ ജയൻ

അനശ്വര നടൻ തിലകന്റെ അഭിനയപാടവം മലയാളി പ്രേക്ഷകർ വിലയിരുത്തിയ ചിത്രമായിരുന്നു പെരുന്തച്ചൻ. ചിത്രത്തില്‍ നീലകണ്ഠന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മനോജ് കെ ജയനാണ്. താന്‍ എങ്ങനെയാണ് പെരുന്തച്ചനിലേക്കെത്തിപ്പെട്ടതെന്ന് പറയുകയാണ് താരം ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ.

താരത്തിന്റെ വാക്കുകൾ :

പെരുന്തച്ചനിലേക്ക് ഒന്നും എന്നെ വിളിക്കേണ്ട ആവശ്യമില്ല. കാരണം ഞാന്‍ ആകെ ചെയ്തത് കുറച്ച് സീരിയലുകളാണ്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത കുമിളകള്‍ എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. അതാണെങ്കില്‍ നഗരപ്രദേശങ്ങളില്‍ മാത്രമല്ലെ ഒള്ളു. വേറെ എവിടെയും എന്റെ മുഖം കണ്ടിട്ടില്ല. അതിന്റെ പോപ്പുലാരിറ്റി കൊണ്ടാവാം എന്നെ പെരുന്തച്ചനിലേക്ക് വിളിച്ചത്, അല്ലാതെ എന്നെയൊന്നും വിളിക്കാന്‍ ഒരു ചാന്‍സുമില്ല.

മംഗലാപുരത്ത് നിന്ന് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ വിളിക്കുന്നത്. വിളിച്ചിട്ട് പറഞ്ഞു പെരുന്തച്ചനില്‍ ഒരു മേജര്‍ റോളുണ്ട്, നിങ്ങള്‍ നന്നായി ചെയ്യുമെന്ന് പലരും പറഞ്ഞു അതുകൊണ്ടാണ് വിളിച്ചതെന്ന്. നിങ്ങളെ വെച്ച് ജസ്റ്റ് ഒന്ന് ട്രൈ ചെയ്ത് നോക്കാനാണ്, ആ വാക്ക് അണ്ടര്‍ലൈന്‍ ചെയ്ത് വെച്ചോളു, വന്നിട്ട് ചിലപ്പോള്‍ തിരിച്ച് പോകേണ്ടി വരും.

ഞാന്‍ അമ്മയോട് മാത്രം കാര്യം പറഞ്ഞ് നേരെ പെട്ടി പാക്ക് ചെയ്ത് പോയി. എം ടി സാറിന്റെ ഒരു സ്‌ക്രിപ്റ്റിന് വിളിച്ചെങ്കിലും ചെയ്തല്ലൊ, തിരിച്ച് പോകേണ്ടി വന്നാലും കുഴപ്പമില്ല എന്നുകരുതി തന്നെയാണ് പോയത്. അവിടെ എത്തി രണ്ട് ദിവസം കഴിഞ്ഞു, ഇവര് ഒരു തീരുമാനവും പറയുന്നില്ല.  മൂന്നാമത്തെ ദിവസമായപ്പോള്‍ വേണുവേട്ടനും ഡയറക്ടര്‍ അജയേട്ടനുമുള്ള റൂമിലേക്ക് എന്നെ വിളിപ്പിച്ചു. നിങ്ങളെ ഒന്ന് ടെസ്റ്റ് ചെയ്യാനാണ് ഒരു സീന്‍ വേണുവേട്ടന്റെ കൂടെ ചെയ്ത് കാണിക്കണമെന്ന് പറഞ്ഞു. നെടുമുടി വേണു ചേട്ടന്റെ കൂടെയൊക്കെ ഞാന്‍ എങ്ങനാ ചെയ്യാ. അങ്ങനെ ചെയ്ത് നോക്കി, അത് കഴിഞ്ഞപ്പോള്‍ വേണുചേട്ടന്‍ തന്നെ പറഞ്ഞു, മനോജ് നിനക്ക് ഇത് ചെയ്യാന്‍ പറ്റും, നാളെ നമുക്ക് ഷൂട്ട് തുടങ്ങാം, താഴെ ബാര്‍ബര്‍ ഷോപ്പുണ്ട് പോയി തലമൊട്ടയടിച്ചൊയെന്ന് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button