സഹസംവിധാന രംഗത്ത് നിന്ന് 1989ൽ കമൽഹാസൻ നായകനായ ചാണക്യൻ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര്യ സംവിധായകനായ ആളാണ് ടി കെ രാജീവ് കുമാർ. തുടർന്ന്, ക്ഷണക്കത്ത്, ഒറ്റയാൾ പട്ടാളം, മഹാനഗരം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, കണ്ണെഴുതി പൊട്ടുംതൊട്ട്, ജലമർമ്മരം, വക്കാലത്ത് നാരായണൻ കുട്ടി, ഇവർ, സീതാകല്യാണം, ഫ്രീകിക്ക് (ഹിന്ദി), ചൽ ചലാ ചൽ (ഹിന്ദി), ഒരു നാൾ വരും, രതിനിർവ്വേദം, തൽസമയം ഒരു പെൺകുട്ടി എന്നീ സിനിമകളും ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്തു. ബർമുഡയാണ് ഇനി റിലീസിനെത്താനുള്ള സിനിമ. ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ലതാ കുര്യനാണ് അദ്ദേഹത്തിന്റെ ഭാര്യ. രാജീവ് കുമാറിന്റേയും ലതയുടേയും മിശ്ര വിവാഹമായിരുന്നുവെന്നും, വിവാഹം എതിർപ്പുകൾ നിറഞ്ഞതായിരുന്നു എന്നുമാണ് അദ്ദേഹം പറയുന്നത്. പ്രണയത്തിലായ ശേഷം വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ എതിർപ്പ് പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംവിധായകന്റെ വാക്കുകൾ :
അച്ഛനും അമ്മയ്ക്കും ചെറുപ്പം മുതൽ എന്നെ കുറിച്ച് നിരവധി സ്വപ്നങ്ങളുണ്ടായിരുന്നു. അവർക്ക് ഞാൻ ഡോക്ടറായി കാണണമെന്നായിരുന്നു. എന്നാൽ ഞാൻ അവരുടെ ആഗ്രഹങ്ങൾ കാറ്റിൽ പറത്തിയാണ് ജീവിച്ചത്. ലതയുടെ വീട്ടിൽ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും പറഞ്ഞപ്പോൾ എതിർപ്പുണ്ടായിരുന്നില്ല. അച്ഛൻ പുരോഗമന ചിന്താഗതിയുള്ളയാളാണ്. എന്നോട് പറഞ്ഞത് നന്നായി ആലോചിച്ച് തീരുമാനിക്കൂ എന്ന് മാത്രമാണ്. എന്റെ വീട്ടിൽ പറയുമ്പോഴുള്ള പ്രതികരണം എന്തായിരിക്കുമെന്ന് എനിക്ക് നേരത്തെ അറിയുമായിരുന്നു.’
പിന്നെ ഞാൻ അവർക്ക് മുമ്പിൽ ജീവിച്ച് കാണിച്ച് കൊടുക്കുക എന്നത് മാത്രമെ ഞാൻ ചിന്തിച്ചുള്ളൂ. സിനിമ ഇഷ്ടമുള്ള മേഖലയാണ്. അത് ഉപേക്ഷിച്ച് ബാങ്ക് ജോലിയുമായി ഞാൻ പോയിരുന്നെങ്കിൽ വരുമാനമുണ്ടാകും പക്ഷെ സന്തോഷമുണ്ടാകുമായിരുന്നില്ല. മക്കളെയും ഞങ്ങൾ സ്വതന്ത്രരായാണ് വളർത്തുന്നത്. അവർക്കിഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവർക്ക് കൊടുത്തിട്ടുണ്ട്. ലത ആർട്ടുമായി ബന്ധപ്പെട്ട് നടക്കുന്നതിനോടും മക്കൾക്ക് താൽപര്യമാണ്. അമ്മയുടെ ഇഷ്ടങ്ങൾ അവർക്ക് അറിയാമെന്നതാണ് കാരണം. സ്വന്തം ചെലവ് അടക്കം മക്കൾ സമ്പാദിച്ച് തുടങ്ങിയിട്ടുണ്ട്’
Post Your Comments