കൊച്ചി: സംഘടനയിൽ നിന്നും രാജിവെച്ച് പുറത്തുപോയ തന്നെ എങ്ങനെയാണ് പുറത്താക്കുകയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂരിനെയും ദിലീപിനെയും പുറത്താക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
’ഫിയോക്കില്‍നിന്നു ഞാന്‍ രാജിവച്ചിട്ടുണ്ട്. അതിന്റെ കാരണവും അവരെ അറിയിച്ചിട്ടുണ്ട്. രാജി സ്വീകരിച്ചിട്ടില്ലെങ്കിലും ഉണ്ടെങ്കിലും എനിക്കു പ്രശ്‌നമില്ല. പുറത്താക്കലിന്റേയും നിരോധനത്തിന്റേയുമെല്ലാം കാലം കഴിഞ്ഞിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാനെ നിരോധിച്ചതായി പറയുന്നു. ഇനിയും നിരോധനം വന്നേക്കാം. സിനിമയില്‍ എല്ലാവരും ഒരുമിച്ചു നിന്നാലെ രക്ഷപ്പെടൂ. ചെറിയ മാര്‍ക്കറ്റില്‍ കിടന്നു അടിപിടി കൂടിയിട്ടു ഒരു കാര്യവുമില്ല. ആരു പുറത്താക്കിയാലും അകത്തിരുത്തിയാലും ഞാന്‍ സൗഹൃദത്തോടെ നില്‍ക്കും. സിനിമ നിര്‍മിക്കുകയും വിതരണം ചെയ്യുകയും എന്റെ കമ്പനിയുടെ തിയറ്ററുകളില്‍ എല്ലാവരുടേയും സിനിമകള്‍ കളിക്കുകയും ചെയ്യും. നിരോധനവുമായി ആര്‍ക്കും മുന്നോട്ടു പോകാനാകില്ല’, ആന്റണി പെരുമ്പാവൂർ പറഞ്ഞു.
അതേസമയം, ദിലീപിനെയോ ആന്റണി പെരുമ്പാവൂരിനെയോ പുറത്താക്കാൻ വേണ്ടിയല്ല ബൈലോയിൽ ഭേദഗതി വരുത്തുന്നതെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. ദിലീപ്, ആന്റണി പെരുമ്പാവൂർ എന്നിവർ ഫിയോക്കിന്റെ തലപ്പത്തുള്ളവരാണ്. അവരെ പുറത്താക്കുവാൻ തങ്ങൾ ഒരിക്കലും ശ്രമിക്കുകയില്ല എന്നും അദ്ദേഹം അറിയിച്ചു.
Post Your Comments