നീണ്ട നാളുകൾക്ക് ശേഷം നവ്യ നായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഒരുത്തീ’. കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. രാധാമണി എന്ന ശക്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. സിനിമ കണ്ടതിന് ശേഷം എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. രാധാമണിക്ക് ഉണ്ടായതുപോലെ തന്റെ ജീവിതത്തില്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് കുറിപ്പ്. ഏഴു പവന്‍ മാല കള്ളന്‍ പൊട്ടിച്ചതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ശാരദക്കുട്ടി വിവരിക്കുന്നത്.
ശാരദക്കുട്ടിയുടെ കുറിപ്പ് വായിക്കാം
ഈ പടമെടുക്കുമ്ബോള്‍ ആദ്യ പ്രസവം കഴിഞ്ഞ് 28 ദിവസമായിട്ടില്ല. കഴുത്തില്‍ കിടക്കുന്ന മാലയാണ് എന്റെ വിവാഹത്തിന് വരന്‍ അണിയിച്ചത്. അന്ന് എനിക്കധികം സ്വര്‍ണമൊന്നുമുണ്ടായിരുന്നില്ല. ഞാനാദ്യമായിട്ടണിഞ്ഞ ഏറ്റവും തൂക്കം കൂടിയ മാല ഇതായിരുന്നു. 7 പവന് മേലെ ഉണ്ടായിരുന്നു. എന്തിനായിരുന്നു അതും കഴുത്തില്‍ തൂക്കി നടന്നിരുന്നതെന്ന് ഇന്ന് ചോദിച്ചിട്ടു കാര്യമില്ല. അബദ്ധങ്ങള്‍ ഇങ്ങനെ പലതും ചെയ്തും വീണും വീണ്ടും എഴുന്നേറ്റുമാണ് വളര്‍ച്ചയെത്തിയത്. 28 വയസ്സിലെ ഒരാളെ ഇന്നിരുന്ന് ജഡ്ജ് ചെയ്യുന്നതിലൊരര്‍ഥവുമില്ലല്ലോ.
ആ മാല അധികം വൈകാതെ കള്ളന്‍ പൊട്ടിച്ചു കൊണ്ടുപോയി. അങ്ങോട്ടുമിങ്ങോട്ടുമുള്ള മല്‍പ്പിടുത്തത്തില്‍ ഒന്നരപ്പവന്‍ ഭാഗം എന്റെ കയ്യിലും ബാക്കി കള്ളന്റെ കയ്യിലുമായി. മൊട്ടയുടെ വെള്ളയും എണ്ണയും തേച്ചു മെഴുകിയിരുന്ന പാതി നഗ്നമായ അയാളുടെ തെന്നിത്തെന്നി പിടികിട്ടാത്ത ഇരുണ്ട ദേഹം ഇന്നും എന്നെ ഭയപ്പെടുത്തുന്നു. ഇന്നലെ ഒരുത്തീയിലെ നവ്യാനായരുടെ രാധാമണി എന്റെ അന്നത്തെ വെന്ത ഓട്ടം ഓര്‍മ്മിപ്പിച്ചു. രാധാമണി വെള്ളം കുടിക്കുന്നില്ല. രാധാമണി വിശപ്പറിയുന്നില്ല. രാധാമണിയുടെ കണ്ണില്‍ തീയുണ്ടായിരുന്നു. പെണ്ണിന്റെ ശരീരത്തിന്റെ എനര്‍ജിയെക്കുറിച്ച് സംശയമുള്ള സമൂഹത്തെ രാധാമണി ഓടിത്തോല്‍പ്പിക്കുന്നു.
എനിക്ക് കള്ളനില്‍ നിന്ന് മാലയുടെ കാല്‍ഭാഗമേ പിടിച്ചു വാങ്ങാനായുള്ളു രാധാമണിക്കു മുഴുവനും കിട്ടി. കാലത്തോടൊപ്പം പെണ്ണോടിയ ഓട്ടങ്ങളെ രാധാമണി ഓര്‍മ്മിപ്പിച്ചു. ഇടവേളയില്‍ പരവേശപ്പെട്ട്ഞാന്‍ പുറത്തിറങ്ങി ഒരു കാപ്പി വാങ്ങിക്കുടിച്ചു. ഓടിപ്പാഞ്ഞു തളര്‍ന്ന ആ കാലത്തിന്റെ ക്ഷീണം ഞാന്‍ വീണ്ടും അനുഭവിച്ചു.എന്റെ കഴുത്തില്‍ കള്ളന്‍ മാന്തിപ്പറിച്ച മുറിവുകള്‍ നേരം വെളുത്തപ്പോഴേക്കും പഴുത്തു തുടങ്ങിയിരുന്നു. പിറ്റേന്ന് കോളജില്‍ ചെന്നപ്പോള്‍ മുറിവേറ്റ കഴുത്തു കണ്ട ഉടനെ, ‘കള്ളന്‍ കഴുത്തില്‍ മാത്രമേ മാന്തിയുള്ളോ ‘ എന്ന് അശ്ലീലം ചോദിച്ച സഹാധ്യാപകനെ കള്ളനേക്കാള്‍ അറച്ചു. ഭയന്നു.
മാല നഷ്ടപ്പെട്ട അന്ന് ഞാനും പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു. എന്റെ സഹോദരനായിരുന്നു കൂടെ. ഞങ്ങള്‍ക്കു മുന്നില്‍ നിന്ന് തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നു കൈ മലര്‍ത്തി പൊലീസ്. രാധാമണിയെപ്പോലെ അന്ന് ഞാനും കുറെ കരഞ്ഞിരുന്നു. വിനായകന്റെ പൊലീസ് രാധാമണിക്കൊപ്പം നിന്നു. ഒരു തവണ പോലും അവളെ കുറ്റപ്പെടുത്തുന്നില്ല, നിങ്ങളുടെ അശ്രദ്ധ എന്നു പഴി പറയുന്നില്ല. ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ എന്ന് പരാതിക്കാരിയോട് ചോദിക്കേണ്ട സമയമതല്ല എന്നറിയുന്ന ഒരു പൊലീസ്. എല്ലാവരും കാണണം അതൊന്ന്.
വിനായകന്റെ ശരീരത്തില്‍ പതിവായി അണിയുന്ന ഇരയുടെ കുപ്പായത്തേക്കാള്‍ എത്ര മനോഹരമായിരുന്നു മനുഷ്യപ്പറ്റുള്ള ആ അധികാരിയുടെ കുപ്പായം. ഈ സ്ത്രീയും കുഞ്ഞും ദിവസങ്ങളായി ഓടിയ ഓട്ടത്തിന് നിങ്ങള്‍ ശിക്ഷയനുഭവിക്കുമെന്ന് സ്വര്‍ണ്ണക്കട മുതലാളിയെ നോക്കി പറയുമ്ബോള്‍ എന്തൊരു വീര്യവും വാശിയുമാണ് ആ മുഖത്ത്. രാധാമണിയെ നോക്കുമ്ബോള്‍ എന്തു കരുതലാണ് !! ഇതിനിടയില്‍ സമീപകാലത്തെ പല പൊലീസിടപെടലുകളും ഓര്‍മ്മ വന്നു.
ഓരോ തവണയും രാധാമണിയുടെ വേവലാതി പിടിച്ച ഫോണ്‍കോള്‍ വരുമ്ബോഴും ‘ദാ ഞാനെത്തി ‘ എന്നയാള്‍ ഓടിയെത്തുന്നു. എന്തൊരാശ്വാസമായിരുന്നു വിനായകന്റെ പൊലീസ് !! ഇത് ഒരു സിനിമയെ കുറിച്ചുള്ള എഴുത്തല്ല. സാധാരണമെന്ന മട്ടില്‍ ലോകം ലഘുപ്പെടുത്തി തള്ളിക്കളയുന്ന പെണ്ണിന്റെ അസാധാരണ ഓട്ടങ്ങളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ്. ഓടിക്കിതച്ചവള്‍ക്കേ അതു ശരീരത്തില്‍ പിടിച്ചെടുക്കാന്‍ കഴിയൂ.
Post Your Comments