താൻ ഇതുവരെ ചെയ്തവയിൽ കൂടുതൽ പേർ തിരിച്ചറിഞ്ഞ വേഷം പടയിലെ ഉസ്മാൻ തന്നെയാണെന്ന് നടൻ അടാട്ട് ഗോപാലൻ. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവായ ഗോപാലൻ ഇന്ത്യൻ പ്രണയകഥ, സ്പാനിഷ് മസാല തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ നാടകം അവതരിപ്പിച്ചതിനൊപ്പം സിനിമകളിലും വേഷമിട്ട ഗോപാലന്റെ ഒരു മുഴുനീള കഥാപാത്രമാണ് പടയിലെ ഉസ്മാൻ. ഇപ്പോൾ പട സിനിമയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് അടാട്ട് ഗോപാലൻ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ.
താരത്തിന്റെ വാക്കുകൾ :
പടയിലെ ഓരോ സീനിന്റെയും മൂഡ് ലൊക്കേഷനിൽ ഷൂട്ടിങ് സമയത്ത് കമൽ പറഞ്ഞു തന്നിരുന്നു. പൊതുവായിട്ടാണ് അതിനു മുമ്പ് ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാൽ, ഓരോ സീൻ എടുക്കുമ്പോഴും അപ്പോഴത്തെ ആ കഥാപാത്രത്തിന്റെ മൂഡ് ഇതാണ് എന്ന് കൃത്യമായി അദ്ദേഹം വിവരിക്കും. കൃത്യമായ നിർദേശങ്ങൾ ശരീരഭാഷയെക്കുറിച്ച് സംവിധായകൻ നൽകിയിരുന്നു. അത് അങ്ങനെ തന്നെ വേണമെന്ന് അദ്ദേഹത്തിന് നിർബന്ധവുമുണ്ടായിരുന്നു. അതുകൊണ്ട്, പല സീനുകളും ആവർത്തിച്ചു ചെയ്യേണ്ടി വന്നു. സിനിമയുടെ തുടക്കത്തിൽ ജോജുവുമായി നടത്തുന്ന ചില സംഭാഷണങ്ങളുണ്ട്. അത് പല തവണ റിപ്പീറ്റ് ചെയ്തിട്ടാണ് ഓക്കെ ആയത്. കമലിന് ആവശ്യമായ കാര്യങ്ങൾ അദ്ദേഹം ചെയ്യിപ്പിച്ചെടുക്കും. പരിപൂർണമായും അത് കമലിന്റെ മാത്രം നിർദേശങ്ങളിലൂടെ സംഭവിച്ചതാണ്.
ജോജു, കുഞ്ചാക്കോ ബോബൻ, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരെക്കുറിച്ച് എടുത്തു പറയണം. കാരണം, അവരുടെ ആറ്റിറ്റ്യൂഡും സമീപനരീതികളും അവർ ചെയ്യുന്നതിലേക്ക് നമ്മെ കൂടി ഉൾക്കൊള്ളിക്കാനുള്ള അവരുടെ ശ്രമങ്ങളും പിന്തുണയുമെല്ലാം വളരെ വലുതായിരുന്നു. പിന്നെ, കുഞ്ചാക്കോ ബോബനുമായി എനിക്ക് മുമ്പ് അഭിനയിച്ച് പരിചയമുണ്ട്. സ്പാനിഷ് മസാല എന്ന ചിത്രത്തിൽ ഞങ്ങൾ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. അവരുടെ കൂട്ടത്തിൽ എന്നെയും ഉൾക്കൊള്ളിച്ചു. സിനിമ എന്നത് സാങ്കേതികപരിചയം ആവശ്യമുള്ള മേഖലയാണല്ലോ. അഭിനയത്തിൽ എനിക്ക് പരിചയമുണ്ടെങ്കിലും സിനിമ എന്ന മാധ്യമത്തിലേക്ക് വരുമ്പോൾ അവിടെ കുറച്ച് ‘ടെക്നിക്കാലിറ്റി’ വരും. അവയെല്ലാം സ്മൂത്തായി കൈകാര്യം ചെയ്യാൻ ഒപ്പമുള്ളവർ സഹായിച്ചു. കുറെ നാളുകളായി ഞാൻ ചെയ്യുന്നത് തിയറ്റർ ആണ്. അതിനിടയിൽ ചില സുഹൃത്തുക്കൾ സിനിമയിലേക്ക് വിളിക്കും. അതു പോയി ചെയ്യും. ഇതൊക്കെ തന്നെയാണല്ലോ അതിന്റെ വഴി. ഇതുവരെ ചെയ്തവയിൽ കൂടുതൽ പേർ തിരിച്ചറിഞ്ഞ വേഷം പടയിലെ ഉസ്മാൻ തന്നെയാണ്.
Post Your Comments