തിരുവനന്തപുരം : സിനിമാ ഉത്സവത്തിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തിരിതെളിഞ്ഞപ്പോൾ, അപ്രതീക്ഷിത അതിഥിയെക്കണ്ട് സിനിമാ ആസ്വാദകർ ഏറെ സന്തോഷിച്ചു. സർക്കാരിന്റെ അതിഥിയായി എത്തിയത് നടി ഭാവന ആയിരുന്നു. അതിജീവിതത്തിന്റെ, പോരാട്ടങ്ങളുടെ കഥ വനിതാ ദിനത്തിൽ തുറന്നു പറഞ്ഞ ഭാവന സർക്കാർ ചടങ്ങിൽ എത്തിയപ്പോൾ ഇടതുപക്ഷം ഇപ്പോഴും അതിജീവിതയ്ക്ക് ഒപ്പമാണെന്നു പ്രഖ്യാപിച്ചതായി ആരാധകരും സോഷ്യൽ മീഡിയയും അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ ഇടത്- വലത് നിലപാടുകൾ ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകനും അധ്യാപകനുമായ അരുൺകുമാർ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു.
കേരളത്തിൽ നിന്നുമുള്ള, കോൺഗ്രസിൻെറ രാജ്യസഭാ സ്ഥാനാര്‍ഥിയായ ജെബി മേത്തർ ദിലീപിന്റെയൊപ്പം ഫോട്ടോ എടുക്കുന്ന ചിത്രവും ഐഎഫ്എഫ്കെ വേദിയിലെ ഭാവനയുടെ ചിത്രവും ചേർത്തുവച്ചുകൊണ്ടാണ് അരുണിന്റെ പോസ്റ്റ്.
‘ആലുവ മുൻസിപ്പാലിറ്റിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്യുന്ന വേദി. 2021 നവമ്പർ മാസം. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കൂട്ടിൽ പ്രതിസ്ഥാനത്തുള്ള ഗോപാലകൃഷ്ണൻ ഏലീയാസ് ദിലീപിനെ ചേർത്തു നിർത്തി ഫോട്ടോ പിടിച്ച ജെബി മേത്തർ രാജ്യസഭയിൽ സ്ത്രീ വിമോചനത്തിൻ്റെ, അരികു ചേർന്നവരുടെ, ഭൂമിയില്ലാത്തവരുടെ ഒക്കെ ശബ്ദമാകട്ടെ!
സിനിമയുടെ ഉൽസവത്തിലെ ഏറ്റവും ഹൃദ്യമായ കാഴ്ചയായിരുന്നു ഇന്നലെ ഉദ്ഘാടന വേദിയിലെ ഭാവനയുടെ ഇടം. ചിത്രങ്ങൾ സംസാരിക്കുന്നുണ്ട്. തോറ്റു പോയവർ എഴുന്നേൽക്കരുത് എന്ന് ആരോ എവിടെയോ പറഞ്ഞു എന്ന് കേട്ടു. തോറ്റിട്ടില്ല എന്ന് പറയാനും ആളു വേണമല്ലോ.. ആ കയ്യടി അവൾക്കുള്ളതാണ്.’- അരുൺ കുറിച്ചു
Post Your Comments