തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് നടന്ന രസകരമായ ഒരു അനുഭവം വെളിപ്പെടുത്തി നടൻ ഇന്നസെന്റ്. എം പിയായി മത്സരിക്കുന്ന സമയത്ത് ചാലക്കുടിയിലൂടെ തുറന്ന ജീപ്പിൽ പ്രചാരണത്തിനു പോയപ്പോൾ ഉണ്ടായ സംഭവമാണ് കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നത്.
ഇന്നസെന്റിന്റെ വാക്കുകൾ :
എം.പിയായി മത്സരിക്കുന്ന സമയമാണ്. പ്രചാരണം നടക്കുന്നുണ്ട്. ചാലക്കുടി വലിയ മണ്ഡലം ആയതിനാൽ കാലത്ത് എഴുന്നേറ്റ് വോട്ടർമാരെ കാണാനായി ഇറങ്ങും. അന്ന് കീമോയൊക്കെ കഴിഞ്ഞിരിക്കുന്ന സമയമാണ്. നമ്മുടെ വണ്ടിയിൽ കയറി പ്രചാരണത്തിനുള്ള തുറന്ന വാഹനത്തിന് അടുത്തേക്ക് ചെല്ലും. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ വഴിയിൽ ആരെ കണ്ടാലും പരിചയമില്ലെങ്കിൽ പോലും ചിരിച്ച് കാണിക്കുകയും കൈ വീശി കാണിക്കുകയുമെല്ലാം വേണം. നമ്മൾ അത് ചെയ്യാതിരുന്നാൽ കൂടെയുള്ളവർ അത് ചെയ്യാൻ നിർബന്ധിച്ച് കൊണ്ടിരിക്കും. ചിലപ്പോൾ ചിരിച്ച് ചിരിച്ച് മടുക്കുന്ന അവസ്ഥയുണ്ടാകും. തുറന്ന ജീപ്പിൽ വോട്ടർമാരെ കൈ കാണിച്ചും അഭിസംബോധന ചെയ്തും സഞ്ചരിക്കുകയാണ്. തുറന്ന ജീപ്പാണ്…. എഴുന്നേറ്റ് നിൽക്കുകയാണ്. അങ്ങനെ ഒരു കവല എത്താനായപ്പോഴേക്കും വണ്ടി ഒരു കശുമാവിന് സമീപത്ത് കൂടി പോയതും പുളിയുറുമ്പിന്റെ കൂട് ജീപ്പിലേക്കും ദേഹത്തേക്കും വീണു.
വീണത് മനസിലാക്കിയപ്പോഴേക്കും കവല എത്താനായിരുന്നു. പുളിയുറുമ്പ് ദേഹത്ത് കേറരുതെ എന്ന് അടുത്ത സെക്കന്റ് മുതൽ പ്രാർഥിച്ച് തുടങ്ങിയെങ്കിലും പ്രാർഥനകൾ ഏറ്റില്ലെന്ന് മാത്രമല്ല സ്ഥാനത്തും അസ്ഥാനത്തുമെല്ലാം ഉറുമ്പ് കടിക്കാനും തുടങ്ങി. ആളുകൾ എല്ലാം എന്റെ പ്രസംഗത്തിന് കാത്തുനിൽക്കുകയാണ്. എന്ത് ചെയ്യണമെന്നറിയില്ല. ഉറുമ്പ് കടിക്കുമ്പോൾ ചെറിയണമെന്നുണ്ട് ആളുകൾ നോക്കി നിൽക്കുന്നതിനാൽ അതിനും കഴിഞ്ഞില്ല. അങ്ങനെ വളരെ വിഷമിച്ച് ഉറുമ്പ് കടിയും സഹിച്ച് രണ്ട് വാക്ക് പ്രസംഗം പറഞ്ഞു. എന്റെ ഒപ്പമുണ്ടായിരുന്നവർക്കും കണ്ടുനിന്നവർക്കുമെല്ലാം എന്റെ പ്രസംഗം വശപിശകുള്ള പ്രസംഗമായിട്ടാണ് തോന്നിയത്. ആ സമയത്ത് വിവിധ മുഖഭാവങ്ങളാണ് എന്റെ മുഖത്ത് വന്ന് പോയത്. അന്ന് ഉറമ്പുകൾ കടിച്ച സംഭവം ഇന്നും ഞാൻ മറന്നിട്ടില്ല.
Post Your Comments