ഇഷ്ടത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ നടിയാണ് നവ്യ നായർ. നന്ദനത്തിലെ അഭിനയത്തോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലാമണിയാണ് നവ്യ. വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷയായ നവ്യ പിന്നീട് റിയാലിറ്റി ഷോ അവതാരകയായും നിരവധി പരിപാടികളിൽ അതിഥിയായി എത്തിയും മിനി സ്ക്രീനിൽ നിറഞ്ഞ് നിന്നു. വിവാഹത്തോടെ വീട്ടമ്മയായി ഒതുങ്ങി കൂടുന്ന നടിമാരിൽ നിന്നെല്ലാം വ്യത്യസ്തയായി മുമ്പത്തേക്കാൾ അതീവ സുന്ദരിയായാണ് നവ്യ ഇപ്പോൾ കാണപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് നവ്യയുടെ രണ്ടാം വരവിന് കാരണമായ ഒരുത്തീ എന്ന സിനിമ തിയേറ്ററുകളിലെത്തിയത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് നവ്യ അഭിനയിച്ച ഒരു സിനിമ തിയേറ്ററുകളിലെത്തിയത്. വീണ്ടും സിനിമയിൽ ഭാഗമായതിനെ കുറിച്ച് താരം മനസ് തുറന്നിരിക്കുകയാണ് രേഖ മേനോനുമായി നടത്തിയിട്ടുള്ള അഭിമുഖത്തിൽ.
നവ്യയുടെ വാക്കുകൾ :
2017ൽ മറ്റോ ആണ് ഞാൻ ഒരുത്തീയുടെ കഥ കേൾക്കുന്നത്. അന്ന് വികെപി സിനിമയുടെ ഭാഗമായിട്ടില്ല. സ്ത്രീ കേന്ദ്രീകൃത സിനിമയായതിനാൽ എഴുത്തുകാർത്ത് നിർമാതാക്കളെ കിട്ടുന്നുണ്ടായിരുന്നില്ല. പിന്നീട് അതേ കുറിച്ചുള്ള ചർച്ചകളോ വിവരങ്ങളോ ഒന്നും വന്നില്ല. അതിന് ശേഷവും ഞാൻ നിരവധി കഥകൾ കേട്ടു. അപ്പോഴെല്ലാം എനിക്ക് തോന്നുമായിരുന്നു ഒരുത്തീ നല്ല സബ്ജക്ടാണല്ലോ അത് കിട്ടിയാൽ നന്നായിരുന്നുവെന്നൊക്കെ. അങ്ങനെയിരിക്കെ ഒരു ദിവസം പിന്നണിയിൽ ഉള്ളവർ വീണ്ടും വിളിച്ച് ഒരു നിർമാതാവിനെ ഒപ്പിച്ച് തരാമോയെന്ന് ചോദിച്ചു. അങ്ങനെ ഞങ്ങൾ നടന്നാണ് സിനിമ ചിത്രീകരിച്ചത്. സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ അതിജീവനമാണ് സിനിമ പറയുന്നത്. എല്ലാക്കാലത്തും ഞാൻ സിനിമയോടൊപ്പമാണ് ജീവിക്കുന്നത്. സിനിമയാണ് എന്റെ എല്ലാം. ഒരു ഇടവേള കിട്ടിയാൽ സിനിമ കാണാനാണ് ഞാൻ ശ്രമിക്കുക. എന്റെ സ്ട്രസ് ഞാൻ കുറയ്ക്കുന്നത് സിനിമ കണ്ടിട്ടാണ്.
ഒരുത്തീയുടെ പ്രമോഷനിടയിലും ഞാൻ നാരദൻ, ഭീഷ്മ പർവം, ഗംഗുഭായ് കത്തിയവാഡി, ഗുണ്ട ജയൻ തുടങ്ങി ഈയടുത്ത് പുറത്തിറങ്ങിയ എല്ലാ സിനിമകളും കണ്ടു. വീട്ടുകാർ ഭീഷ്മയ്ക്ക് ടിക്കറ്റെടുത്തപ്പോൾ ഞാനും വീണ്ടും ടിക്കറ്റെടുത്തു. എനിക്ക് ഭ്രാന്താണോയെന്ന് വീട്ടുകാർ ചോദിക്കും. ഞാൻ ഒരിക്കലും മറ്റുള്ള ഒന്നിന് വേണ്ടിയും എന്റെ പാഷൻ ത്യജിക്കില്ല. എന്റെ അമ്മയൊക്കെ സൂപ്പർ വുമൺ ആകാൻ വേണ്ടി രാവിലെ മുതൽ വൈകിട്ട് വരെ അടുക്കളയിലെ പണി, കല്യാണത്തിന് അടിയന്തരത്തിന് പങ്കെടുക്കൽ അമ്മയുടെ സന്തോഷങ്ങൾ ഉപേക്ഷിക്കൽ എന്നിവ ചെയ്തിട്ടുണ്ട്. ഞാൻ അങ്ങനെയൊരാളല്ല എനിക്ക് അങ്ങനെയാകാൻ ഒരിക്കലും പറ്റുകയുമില്ല.
Post Your Comments