GeneralLatest NewsNEWS

പ്രായഭേദമെന്യേ ‘ആര്‍ജ്ജവ’ത്തോടെ വനിതാദിനം കൊണ്ടാടി ‘അമ്മ’യിലെ കലാകാരികൾ

താരസംഘടനയായ ‘അമ്മ’യെ സംബന്ധിച്ചിടത്തോളം പുതിയൊരു ചുവടുവയ്പ്പു തന്നെയായിരുന്നു ഇത്തവണത്തെ വനിതാ ദിന ആഘോഷം. അമ്മയിലെ വനിതാ അംഗങ്ങളാണ് ‘ആര്‍ജ്ജവ’ എന്ന പേരില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയതും അത് വിജയിപ്പിച്ചെടുത്തതും. സാധാരണഗതിയില്‍ പൊതുയോഗത്തിനായോ, ഏതെങ്കിലും സ്‌റ്റേജ് ഷോകള്‍ക്കു വേണ്ടിയോ ആയിരിക്കും അമ്മയിലെ അംഗങ്ങളെല്ലാം ഒത്തുകൂടുക. അതിനപ്പുറം ഏതെങ്കിലും വിശേഷാവസരങ്ങള്‍ അമ്മയുടെ നേതൃത്വത്തില്‍ കൊണ്ടാടപ്പെട്ടിട്ടില്ല.

മുന്‍ ആരോഗ്യമന്ത്രി ശൈലജയുടെയും, മുന്‍ ഡി.ജി.പി ശ്രീലേഖയുടെയും സാന്നിദ്ധ്യം ഈ പരിപാടിയുടെ സാമൂഹിക പ്രസക്തിയും എടുത്തു കാണിക്കുന്നു. അമ്മയിലെ അംഗം കൂടിയായ ഒരു അഭിനേത്രി പൊതുമധ്യത്തില്‍ പീഡിപ്പിക്കപ്പെടുകയും ആ നടിക്ക് അമ്മയില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടില്ലെന്നുള്ള ആരോപണം ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശൈലജ ടീച്ചറെ പോലെയുള്ളവര്‍ ആ മീറ്റിംഗില്‍ പങ്കെടുക്കില്ലെന്നാണ് ചിലരെങ്കിലും കരുതിയതെങ്കിലും, ആ മുന്‍വിധികളെയൊക്കെ തെറ്റിച്ചു കൊണ്ടാണ് ശൈലജയും ശ്രീലേഖയും ആ വേദിയില്‍ എത്തിയത്. ഇതിനാൽ തന്നെ ‘അമ്മ’യെ ചൂഴ്ന്നുനിന്നിരുന്ന പല ആരോപണങ്ങളുടെയും യഥാര്‍ത്ഥ കാരണം അവര്‍ക്ക് ബോധ്യപ്പെടാനുള്ള വേദി കൂടിയായി അത് മാറി.

ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം നടി ഊര്‍വ്വശി അമ്മയുടെ വേദിയിലേയ്ക്ക് കടന്നു വന്നതും എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന സന്ദേശം തന്നെയാണ് നല്‍കിയത്. ഇതിനെല്ലാമപ്പുറം പ്രായഭേദമെന്യേ അനവധി കലാകാരികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം കൂടി അമ്മ ഒരുക്കിയ ആ പ്രത്യേക വേദിയിലൂടെ സാധിച്ചു. സാധാരണ ചാനലുകളുടെ സ്റ്റേജ് ഷോകളില്‍പോലും പങ്കെടുക്കാന്‍ സാധിക്കാതെ വന്ന കലാകാരികൾക്ക്  വേദിയില്‍, നിയന്ത്രണങ്ങളൊന്നുമില്ലാതെ തങ്ങളുടെ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു.

തങ്ങളുടെ കൂടി അദ്ധ്വാനം കൊണ്ട് കെട്ടിപ്പടുത്തുയര്‍ത്തിയ ആസ്ഥാന മന്ദിരത്തില്‍ ആകുമ്പോള്‍ അവരുടെ അഭിമാനം ആകാശത്തോളം ഉയർത്താൻ പോന്നതായിരുന്നു. വരും കൊല്ലങ്ങളിലും ഇത്തരം ആഘോഷ പരിപാടി ഉണ്ടാകുമെന്ന ഉറപ്പോടെ വനിതാ ദിനത്തില്‍ അവര്‍ ഉയര്‍ത്തിയ ഒരുമയുടെ ശബ്ദം ആ ദിനത്തെ അര്‍ത്ഥസമ്പൂര്‍ണ്ണമാക്കി.

shortlink

Related Articles

Post Your Comments


Back to top button