
തന്മയത്തോടെയുള്ള അഭിനയത്തിലൂടെ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സുഹാസിനി. പുതുതലമുറ നടിമാർക്കൊപ്പം തന്നെ ആരാധകരുണ്ട് സുഹാസിനിക്ക്. ഒറ്റവാക്കിൽ സകലകലാ വല്ലഭ എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് സുഹാസിനി. നടി, എഴുത്തുകാരി, സംവിധായിക, നിർമ്മാതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ തൊട്ട മേഖലകളിലെല്ലാം തന്റേതായ ഒരു കയ്യൊപ്പ് ഉണ്ടാക്കാൻ കഴിഞ്ഞ വ്യക്തിത്വം തന്നെയാണ് സുഹാസിനി. തമിഴകത്തിനും മലയാളത്തിനും ഒരുപോലെ പ്രിയങ്കരിയായ താരം 80 കളിലെ നായികാ പദവിയിൽ തിളങ്ങി പിന്നീട്, അമ്മ വേഷങ്ങളുമായി മലയാള സിനിമയിൽ മടങ്ങി വരവ് നടത്തുകയും ചെയ്തു.
പ്രശസ്ത സംവിധായകൻ മണിരത്നമാണ് സുഹാസിനിയുടെ ഭർത്താവ്. മണിരത്നത്തിന്റെ തന്നെ തിരുടാ തിരുടാ, രാവണന് തുടങ്ങിയ സിനിമകള്ക്ക് വേണ്ടിയും സുഹാസിനി സംഭാഷണം എഴുതിയിട്ടുണ്ട്. മണിരത്നവും സുഹാസിനിയും പ്രണയിച്ച് വിവാഹിതരായവരായിരുന്നില്ല. വിവാഹത്തിനു ശേഷം ജനിച്ചതാണ് ഇരുവരുടേയും പ്രണയം. വീട്ടുകാരുടെ നിർബന്ധം മൂലം നടന്ന വിവാഹത്തെ കുറിച്ച് സുഹാസിനി പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായത്.
സുഹാസിനിയുടെ വാക്കുകൾ :
കമൽഹാസൻ അച്ഛൻ ചാരുഹാസന്റെ സഹോദരനാണെന്ന് പറഞ്ഞാൽ വിശ്വസിക്കാത്തവരുണ്ടായിരുന്നു. പോരാത്തതിന് ചാരുഹാസൻ സ്വന്തം അച്ഛനാണോ എന്ന് വരെയുള്ള ചോദ്യങ്ങൾ പോലും ചിലർ ചോദിച്ച് കളയും. രാവണന് ശേഷം മണിക്ക് വേണ്ടി സംഭാഷണങ്ങൾ എഴുതിയിട്ടില്ല.
അതിന് മുമ്പ് റോജ പോലുള്ള സിനിമകളൊക്കെ കാണുമ്പോൾ ഞാൻ ചെറിയ കുസൃതി ചോദ്യങ്ങളൊക്കെ ചോദിക്കും. ആദ്യം എഴുതികൊണ്ട് ചെല്ലുമ്പോൾ ഒന്നും നോക്കാതെ അത് കുപ്പയിലിടും മണി. തൃപ്തനാവില്ല. മണിയുടെ എഴുത്തുകൾ പോലും പൂർത്തിയാക്കിയ ശേഷം തൃപ്തി വരാത്തതിനാൽ അദ്ദേഹം കുപ്പയിലിടും. ഞങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു. അച്ഛന്റെ ആരോഗ്യപ്രശ്നങ്ങൾ കാണിച്ച് വീട്ടുകാർ നിർബന്ധിച്ചാണ് മണിരത്നവുമായുള്ള എന്റെ വിവാഹം നടത്തിയത്. മണിയെക്കാൾ സിനിമയിൽ പ്രവൃത്തി പരിചയവും സീനിയോറിറ്റിയും എനിക്കാണ്. മണിയുടെ ആദ്യ പടത്തിൽ നായികയാകാൻ എന്നെ ക്ഷണിച്ചിരുന്നു. ഞാനാണ് താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയത്. അത് ഇന്നും മണി പറയും. നിന്നെ ഇനി ഒരിക്കലും എന്റെ സിനിമയിൽ അഭിനയിപ്പിക്കില്ലെന്ന് അദ്ദേഹം പണ്ട് പറഞ്ഞിരുന്നു. ഇപ്പോഴും അദ്ദേഹം അത് പാലിക്കുന്നുണ്ട്. സുഹാസിനി പറയുന്നു.
Post Your Comments