പ്രേക്ഷകനോട് പറയാനുള്ളത് അത് അതിൻ്റെ കൃത്യതയിൽ പറഞ്ഞുവയ്ക്കുക വഴി മികവു തെളിയിച്ച സംവിധായകൻ, കഥാപാത്രങ്ങളുടെ ഉൾത്തലങ്ങളിലേക്ക് അതിസൂക്ഷ്മമായി സഞ്ചരിക്കുന്ന കഥാകാരൻ കൂടിയായ തിരക്കഥാകൃത്ത്, കാമ്പുള്ള വേഷങ്ങൾ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന നായക നടൻ, ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള പ്ലോട്ട് എന്നിവയാൽ പ്രേക്ഷകനു മുമ്പിലെത്തിയ നാരദൻ കാണികൾക്കു നൽകിയതെന്താണ് എന്ന് അന്വേഷിച്ചാൽ കൃത്യമായി ഒന്നും നൽകിയില്ല എന്നു പറയാനാകും.
മാധ്യമലോകത്തെ നിഗൂഢതന്ത്രങ്ങളെയും കമ്പോള അജണ്ടകളെയും സ്വതന്ത്രമായി പരിശോധിക്കുന്ന മാധ്യമ വിമർശന രീതിശാസ്ത്രമാണ് ആഷിക് അബു – ടൊവിനോ കൂട്ടുകെട്ടിൽ എത്തിയ നാരദന് എന്ന സിനിമയുടെ പ്രാഥമിക തലമെന്ന് പറയാം. സെന്‍സേഷണലിസം, യെല്ലോ ജേർണലിസം, കമ്പോള കേന്ദ്രീകൃതവും മതാത്മകവുമായ മാധ്യമ താൽപ്പര്യങ്ങൾ, മാധ്യമ രംഗത്തെ കിടമത്സരങ്ങൾ, വ്യാജവാർത്താ നിർമ്മിതികൾ എന്നിങ്ങനെ ഒട്ടനവധി തലങ്ങളെ ആഴത്തിൽ പരിശോധിക്കാനുദ്യമിക്കുന്ന ചിത്രമാണ് നാരദൻ. ചന്ദ്ര പ്രകാശ് എന്ന മാധ്യമ പ്രവർത്തകൻ തുടർച്ചയായ പരാജയങ്ങളിൽ നിന്ന് ഊർജ്ജം നേടി യെല്ലോ ജേർണലിസത്തിൻ്റെ തലതൊട്ടപ്പനായി, സി.പിയെന്ന അപരനാമധേയത്തിൽ കരുത്തനായി മാറുന്നു.
read also: തല്ലുമാല ചിത്രീകരണത്തിനിടയിൽ തല്ല്: നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന് ആരോപണം
മംഗളം ചാനലിൻ്റെ ലോഞ്ചിങ്ങ്, അർണബ് ഗോസാമിയുടെ പ്രവർത്തന രീതികൾ, മീഡിയാവൺ മുതൽ മനോരമ ന്യൂസ് വരെയുള്ള ഒട്ടനവധി ചാനലുകളുടെ പ്രവർത്തനങ്ങൾ എന്നിവയെല്ലാം അനുനിമിഷം കാണികളുടെ സ്മൃതിപഥത്തിലെത്തിക്കുന്ന നാരദൻ മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ അതിരുകളെ ചൂണ്ടിക്കാട്ടിയാണ് അവസാനിക്കുന്നത്. ചന്ദ്രപ്രകാശിൽ നിന്നും സി.പി യിലേക്കുള്ള പരിണാമദൂരം ഒട്ട് ഹ്രസ്വമല്ലെങ്കിൽ തന്നെയും പണം, പ്രശസ്തി എന്നിവ ചേർന്നു സൃഷ്ടിക്കുന്ന സാമൂഹ്യ പദവിയിൽ ഉൻമത്തനായി സ്വയം പ്രഖ്യാപിത ഭരണാധികാരിയായി മാറുന്ന സി.പി സമകാലിക ഇന്ത്യൻ മാധ്യമ രംഗത്തെ പല പ്രമുഖരെയും സ്മരണയിലെത്തിക്കും.
മാധ്യമ രംഗത്തെ ഉള്ളുകള്ളികളെ സ്പർശിക്കുന്നുണ്ടെങ്കിൽ തന്നെയും ചിത്രത്തിൻ്റെ സമീപന രീതി കാഴ്ചക്കാരനെ പലപ്പോഴും മടുപ്പിക്കുന്നു എന്നതാണ് യാഥാർത്ഥ്യം ..ലാഗ് അടിപ്പിച്ചു മടുപ്പിക്കുന്ന സാധനം എന്ന് ന്യൂ ജനറേഷൻ ഭാഷ്യം. കാഴ്ചക്കിടയിൽ തന്നെ മുന്നറിയിപ്പ്, റൺ ബേബി റൺ, ലവ് 24×7 ,ഉൾപ്പടെയുള്ള സിനിമകളെയും നാരദൻ സ്മൃതിപഥത്തിലെത്തിക്കുന്നു. ആദ്യത്തെ വാർത്താവിതരണക്കാരൻ നാരദനാണ് എന്ന് പറഞ്ഞ് സി.പി തുടങ്ങുന്ന നാരദാ ന്യൂസ്, യെല്ലോ ജേർണലിസത്തിലൂടെ കമ്പോളത്തിൽ ഒന്നാമത് എത്തുന്നുവെങ്കിൽ തന്നെയും, വലതുപക്ഷ ഹിന്ദുത്വ ആശയധാരകളെ അതിഗാഢമായി നാരദ പിൻതുടരുന്നുവെന്ന് വ്യക്തമാണ്. സമകാലിക ഇന്ത്യൻ മാധ്യമ രംഗത്തെ പ്രതിലോമ പ്രവണതകളെ സി.പിയെ മുൻനിറുത്തി അവതരിപ്പിക്കുന്ന നാരദൻ പലയിടങ്ങളിലും അതീവ ദുർബലമായിപ്പോകുന്നുണ്ട്.
പ്രേക്ഷകർക്കു പരിചിതമായ വിഷയങ്ങളെ അവതരിപ്പിക്കുമ്പോൾ ചലച്ചിത്രകാരൻമാർ പുലർത്തേണ്ടുന്ന ജാഗ്രതയും സൂക്ഷ്മതയും ചിലയിടങ്ങളിലെങ്കിലും ദുർബലമായതു വഴിയാണ് നാരദൻ അതിൻ്റെ ലക്ഷ്യം കാണുന്നതിൽ നിന്നും ഇടറി വീണതെന്നത് വ്യക്തമാണ്. ആഷിക് അബു സിനിമകൾ ഇതുവരെ സമ്മാനിച്ചിരുന്ന വിസ്മയങ്ങളും അനുഭൂതികളും പകർന്നു നൽകുന്നതിൽ നാരദൻ പിന്നോട്ടു പോയി എന്ന യാഥാർത്ഥ്യത്തെക്കൂടി ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല.
രശ്മി അനിൽ
Post Your Comments