അന്തരിച്ച സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ സഹോദരനും പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സഹോദരന്റെ ഓർമ്മകൾ പങ്കുവച്ചത്.
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വാക്കുകൾ :
‘ഞാനും അനുജൻ വിശ്വനാഥനും തമ്മിൽ പതിമൂന്ന് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. ഞാനാണ് അവനെ എടുത്ത് വളർത്തിയത്. അക്ഷരാർഥത്തിൽ അങ്ങനെ പറയുന്നതാണ് ശരി. കാരണം വിശ്വനാഥൻ ജനിക്കുമ്പോഴേക്കും അച്ഛൻ അസുഖമായി കിടപ്പിലായിപ്പോയി. പിന്നെ വീട്ടിലുള്ളത് ഞാനാണ്. അവൻ കരയുമ്പോൾ എടുത്തുകൊണ്ട് നടന്നിരുന്നതും ആഹാരം കൊടുക്കുന്നതുമെല്ലാം ഞാനായിരുന്നു. അൽപം മുതിർന്നപ്പോൾ സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചുകൊടുത്തതും ഞാനായിരുന്നു. അഞ്ച് മക്കളായിരുന്നു ഞങ്ങൾ. അതിൽ അച്ഛന്റേയും അമ്മയുടേയും സംഗീതവാസന കിട്ടിയത് എനിക്കും വിശ്വനാഥനുമായിരുന്നു.
മൃദംഗം മാത്രമല്ല വായ്പ്പാട്ടും വിശ്വനാഥനെ പഠിപ്പിക്കണമെന്ന് എനിക്ക് തോന്നി. അങ്ങനെ എന്നോടൊപ്പം വിശ്വനാഥനും തിരുവനന്തപുരത്തേക്ക് വന്നു. ശ്രീസ്വാതിതിരുനാൾ സംഗീത കോളജിൽ ഗാനഭൂഷണത്തിന് ചേർന്നു. വഴുതയ്ക്കാട് ഗണപതിക്ഷേത്രത്തിലെ ശാന്തിപ്പണിയും കിട്ടി. ദാനശീലനായിരുന്നു വിശ്വനാഥൻ. ആരും വിശന്നിരിക്കുന്നത് അവന് ഇഷ്ടമായിരുന്നില്ല. കയ്യിലുള്ള പൈസ തീരും വരെ ആഹാരം വാങ്ങിക്കൊടുക്കും. അവന് വലുപ്പച്ചെറുപ്പമുണ്ടായിരുന്നില്ല. എല്ലാവരിലും നന്മ മാത്രം കണ്ടു. എപ്പോഴും ചിരിച്ചല്ലാതെ വിശ്വനാഥനെ കണ്ടിട്ടേയില്ല. അധ്യാപനമാണ് വിശ്വനാഥനിലെ സംഗീതജ്ഞനെ മെച്ചപ്പെടുത്തിയതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ദേശാടനത്തിന് പിന്നണി സംഗീതമൊരുക്കി വിശ്വൻ ഞങ്ങളെ അത്ഭുതപ്പെടുത്തി. ദേശാടനത്തിൽ ഞങ്ങളുടെ ഒരുമിച്ചുള്ള സംഗീതയാത്ര ആരംഭിച്ചു എന്ന് പറയാം. പിന്നെയും കുറച്ച് സിനിമകൾ. അതിനുശേഷമാണ് ജയരാജ് വിശ്വനാഥന് കണ്ണകിയിൽ ഒരു അവസരം കൊടുക്കുന്നത്.
ദാസേട്ടന് വിശ്വനാഥനെ വലിയ ഇഷ്ടമായിരുന്നു. വിച്ചു എന്നാണ് ദാസേട്ടൻ വിളിക്കുന്നത്. കണ്ണകിയിലെ ഇനിയൊരു ജന്മമുണ്ടെങ്കിൽ… എന്ന പാട്ട് പാടിയിട്ട് ദാസേട്ടൻ പറഞ്ഞു… നീ ഒരുപാട് പാട്ടൊന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല. ഇതുപോലെയുള്ള പാട്ടുകളാണെങ്കിൽ കുറച്ച് പാട്ടുകൾ ചെയ്താലും മതി. ദാസേട്ടന്റെ വാക്കുകൾ അവൻ അക്ഷരം പ്രതി സ്വീകരിച്ചു. കുറച്ച് പാട്ടുകൾ മാത്രം ചെയ്തു. ചെയ്തതൊക്കെ ഹിറ്റായിരുന്നു. ജന്മനാ അസുഖക്കാരനായിരുന്നു വിശ്വനാഥൻ. കുട്ടിക്കാലത്ത് അവശതകൾ വിട്ടുമാറിയിരുന്നില്ല. മുതിർന്നപ്പോൾ അസുഖങ്ങളൊക്കെ വിട്ടുപോയി. എങ്കിലും അവനൊരു ദുശീലമുണ്ടായിരുന്നു വെറ്റില മുറുക്ക്. എപ്പോഴും മുറുക്കാനുണ്ടാവും വായിൽ. നിന്റെ ശരീരപ്രകൃതത്തിന് ചേർന്നതല്ല ഈ ശീലം എന്ന് ഞാൻ അവനോട് പറയാറുണ്ടായിരുന്നു. അതുമാത്രം അവൻ അനുസരിച്ചില്ല’.
Post Your Comments