
ഗോദ എന്ന മലയാള ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച പഞ്ചാബി താരമാണ് വാമിക ഗബ്ബി. അന്യ ഭാഷാ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം, സിനിമാ മേഖലയെപ്പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിനിമ മേഖലയിലെ അസ്ഥിരത മൂലം താൻ അഭിനയം നിർത്താൻ ആലോചിച്ചിരുന്നതായി വാമിക പറയുന്നു.
ഒന്നിനുപുറകെ ഒന്നായി നിരാശകൾ നേരിട്ട ആ സമയത്തെക്കുറിച്ച് വാമികയുടെ വാക്കുകൾ ഇങ്ങനെ;
‘വർഷത്തിലുടനീളം എല്ലാ ദിവസവും ഞാൻ ഓഡിഷനിൽ പങ്കെടുക്കാറുണ്ടായിരുന്നു. ഒരുപാട് തവണ നിരസിക്കപ്പെട്ടു. നിരവധി തവണ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും അവസാന ഘട്ടങ്ങളിൽ ഒഴിവാക്കി. തുടർന്ന് 2019ൽ താൻ ഏകദേശം സിനിമ ഉപേക്ഷിച്ചു.
ഇത് എനിക്ക് പറ്റിയതല്ല, ഒരുപക്ഷേ ഞാൻ ഒരു നല്ല നടിയല്ലായിരിക്കാം എന്ന് തീരുമാനിച്ച വർഷമായിരുന്നു അത്. നല്ല ആളുകളുള്ള പഞ്ചാബി സിനിമകൾ എനിക്ക് ലഭിക്കുന്നുണ്ട്, പക്ഷേ ഞാൻ അഭിനയിക്കാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളും വേഷങ്ങളും ലഭിച്ചില്ല. നല്ല നടിയാണെന്ന വ്യാമോഹത്തിലല്ല ഞാൻ ജീവിച്ചത്, അതിനാൽ എന്റെ സമയം പാഴാക്കാൻ ഞാൻ ആഗ്രഹിച്ചില്ല.
പിന്നീട്, വിശാൽ ഭരദ്വാജിന്റെ ‘മിഡ്നൈറ്റ്സ് ചിൽഡ്രൻ’ എന്ന വെബ് ഷോയുടെ ഭാഗമാകാനുള്ള അവസരം ലഭിച്ചു. ഞാൻ ഓഡിഷനിൽ വിജയിക്കുകയും ചെയ്യുകയും ഷോർട്ട്ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു. എങ്കിലും, ഞാൻ അത് ഗൗരവമായി എടുത്തില്ല. കാരണം, ഞാൻ നിരവധി തവണ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും എല്ലായ്പ്പോഴും ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. അതിൽ തിരഞ്ഞെടുക്കപ്പെട്ടതോടെ എന്റെ ലോകം മാറി.
Post Your Comments