പൃഥ്വിരാജ് നായകനായ ചിത്രം ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് മോഹൻലാലിനെ വച്ചായിരുന്നുവെന്നും, ആ തിരക്കഥ മോഹന്‍ലാലിന് ഇഷ്ടമാകാതിരുന്നത് കൊണ്ടാണ് ചിത്രം ഉപേക്ഷിക്കേണ്ടി വന്നതെന്നും സംവിധായകന്‍ കമല്‍. ലോഹിതദാസ് എഴുതിയ തിരക്കഥയും തന്‍റെ മനസിലുണ്ടായിരുന്ന കഥയും വ്യത്യസ്തമായിരുന്നെന്നും അതുകൊണ്ട് പല പ്രശ്നങ്ങളും ഷൂട്ടിങ് സമയത്തുതന്നെ ഉടലെടുത്തിരുന്നതായും സംവിധായകന്‍ കമല്‍ ദ ക്യു മാസ്റ്റര്‍ സ്ട്രോക്കില്‍ പറഞ്ഞു.
കമല്‍ സംവിധാനം ചെയ്യാത്തതിനാല്‍ ലോഹിതദാസ് തന്നെ ചക്രം സംവിധാനം ചെയ്യുകയായിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ചന്ദ്രസേനന്‍ എന്ന കഥാപാത്രം മോഹന്‍ലാലും മീരാ ജാസ്മിന്‍ അവതരിപ്പിച്ച കഥാപാത്രം വിദ്യാ ബാലനുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. വിജീഷിന്‍റെ പ്രേംകുമാറിനെ അവതരിപ്പിക്കേണ്ടിയിരുന്നത് ദിലീപായിരുന്നു. വിദ്യാ ബാലന്‍റെ മലയാളത്തിലെ ആദ്യ സിനിമയാകേണ്ടിയിരുന്ന ചിത്രമായിരുന്നു ചക്രം.
കമലിന്‍റെ വാക്കുകള്‍:
നോര്‍ത്ത് ഇന്ത്യയിലേക്ക് ലോറിയില്‍ യാത്ര ചെയ്യുന്ന ഒരു ഡ്രൈവറും കിളിയും തമ്മിലുള്ള കഥയാണ് ലോഹിതദാസ് ആദ്യം പറഞ്ഞത്. വഴിയില്‍വച്ച് ഒരു ധാബയിലെത്തി ചീട്ടുകളിക്കുകയും തുടര്‍ന്ന് ലോറി നഷ്ടപ്പെടുകയും ചെയ്യുന്നു. പിന്നീട് വഴിയില്‍വെച്ച് ഒരു പെണ്‍കുട്ടിയെ കിട്ടുകയും, മഹാഭാരത്തിലെന്ന പോലെ ആ പെണ്‍കുട്ടിയെവച്ച് ചീട്ടുകളിക്കുകയും ചെയ്യുന്ന കഥയായിരുന്നു ആദ്യം. ഈ കഥയാണ് മോഹന്‍ലാലിനോട് പറഞ്ഞതും ഫോട്ടോഷൂട്ട് നടത്തിയതും.
പക്ഷെ, പൂജ കഴിഞ്ഞ് ഷൂട്ട് തുടങ്ങുന്നതിന് കുറച്ച് മുമ്പാണ് ലോഹി മുഴുവന്‍ സ്ക്രിപ്റ്റ് പറയുന്നത്. പക്ഷെ, അത് ആദ്യം പറഞ്ഞ കഥയില്‍ നിന്നും വളരെ വ്യത്യസ്തമായായതായിരുന്നു. എനിക്ക് പൂര്‍ണസംതൃപ്തിയില്ലെങ്കിലും ലോഹിതദാസിന്‍റെ തിരക്കഥയായതുകൊണ്ട് ഷൂട്ടിങ് തുടങ്ങി. 14 ദിവസം ഷൂട്ട് കഴിഞ്ഞ് ആദ്യ ഷെഡ്യൂള്‍ ബ്രേക്ക് സംഭവിക്കുന്നു. പക്ഷെ, അതിന് ശേഷം മോഹന്‍ലാല്‍ തിരക്കഥയില്‍ സംതൃപ്തനല്ലെന്ന് പറയുന്നു. അതിന് ശേഷം രണ്ട് മാസത്തെ ബ്രേക്കെടുത്ത് ലോഹിതദാസ് വീണ്ടും സ്ക്രിപ്റ്റ് കംപ്ലീറ്റ് ചെയ്യുന്നു.
ആ സമയത്താണ് ഞാന്‍ മേഘമല്‍ഹാര്‍ ഷൂട്ട് ചെയ്യാന്‍ പോകുന്നത്. അതിന്‍റെ ലൊക്കേഷനിലെത്തിയാണ് ലോഹിയും പ്രൊഡ്യൂസര്‍ ജോണി സാഗരിഗയും കൂടി വീണ്ടും പുതിയ സ്ക്രിപ്റ്റുമായി കാണാനെത്തിയത്. അതിന്‍റെ ഒരു കോപ്പി മോഹന്‍ലാലിനും കൊടുത്തിരുന്നു. എന്നിട്ടും മോഹന്‍ലാലിന് ആ തിരക്കഥ ഇഷ്ടപ്പെട്ടില്ല. അങ്ങനെയാണ് എന്‍റെ സംവിധാനത്തില്‍ ചക്രം നടക്കാതെ പോകുന്നത്.
Post Your Comments