റഷ്യക്കെതിരായ പോരാട്ടത്തിൽ യുദ്ധഭൂമിയിലേക്കിറങ്ങി മുൻ മിസ് യുക്രൈൻ അനസ്താസിയ ലെന്ന. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് മോഡലിങ് ഉപേക്ഷിച്ച് റഷ്യക്കെതിരായ പോരാട്ടത്തിൽ അണിചേരുന്നതായി അറിയിച്ച് തോക്കേന്തി നിൽക്കുന്ന ചിത്രം താരം പങ്കുവെച്ചത്. ‘ആക്രമിക്കണമെന്ന ഉദ്ദേശത്തോടെ യുക്രൈൻ അതിർത്തി കടക്കുന്ന ഏല്ലാവരും കൊല്ലപ്പെടും’ എന്ന തലക്കെട്ടിനൊപ്പം തോക്കേന്തി നിൽക്കുന്ന താരത്തിന്റെ ചിത്രം വൈറലായിരുന്നു. ചിത്രങ്ങൾ വൈറലായതോടെ ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് ആളുകളാണ് അനസ്താസിയക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
നിലവിൽ, തുർക്കിയിൽ പബ്ലിക് റിലേഷൻസ് മാനേജരായി ജോലി ചെയ്യുന്ന അനസ്താസിയ ലെന്ന, 2015 ലെ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ സൗന്ദര്യ മത്സരത്തിൽ യുക്രൈനിന്റെ പ്രതിനിധിയായിരുന്നു. തലസ്ഥാന നഗരമായ കീവിൽ ജനിച്ച താരം സ്ലാവിസ്റ്റിക് യൂണിവേഴ്സിറ്റിയിൽ നിന്ന് മാർക്കറ്റിങിലും മാനേജ്മെന്റിലും ബിരുദം നേടിയിട്ടുണ്ട്. അഞ്ച് ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യുന്ന അനസ്താസിയ വിവർത്തകയായിട്ടും ജോലി ചെയ്തിട്ടുണ്ട്.
‘യുക്രൈനിലെ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിന് വേണ്ടിയാണ് എന്റെ പ്രൊഫൈലിൽ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്. യുക്രൈനിലെ സ്ത്രീകളുടെ ശക്തിയും ആത്മവിശ്വാസവും ലോകത്തിന് മുൻപിൽ തുറന്നു കാട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്’- താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി. യുക്രൈനിലെ സായുധ സേനക്ക് പിന്തുണ നൽകാനും സംഭാവന നൽകാനും നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർത്ഥിക്കാറുണ്ട് അനസ്താസിയ. യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കിക്ക് നിരന്തരമായി പിന്തുണ അറിയിക്കുന്ന താരം സെലൻസ്കിയെ ‘ശക്തനായ നേതാവ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.
Post Your Comments