CinemaGeneralLatest NewsMollywoodNEWS

‘സത്യം മൂടിവയ്ക്കാനാവില്ല, അതിജീവതയെ മറവിൽ നിർത്തുന്നത് ശരിയല്ല’: ആഷിഖ് അബു

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുമെന്ന് സംവിധായകൻ ആഷിഖ് അബു. കേരളം പോലെയുള്ള സംസ്ഥാനത്തെ നീതിന്യായവ്യവസ്ഥയില്‍ വിശ്വാസം ഉണ്ടെന്നും എത്ര മൂടിവെച്ചാലും സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും ആഷിഖ് അബു പറയുന്നു. അതിജീവത ഒരു കുറ്റവും ചെയ്യാത്ത ആളാണെന്നും അതിനാൽ തന്നെ അവർ മറവിൽ നിൽക്കുന്നത് ശരിയല്ലെന്നും ആഷിഖ് അബു വ്യക്തമാക്കി. തന്റെ പുതിയ സിനിമയായ ‘നാരദന്റെ’ പ്രൊമോഷനോടനുബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകൻ.

‘കേരളം പോലെയുള്ള സംസ്ഥാനത്തെ നീതിന്യായവ്യവസ്ഥയില്‍ വിശ്വാസം ഉണ്ട്. അതിജീവിത ഒരു തെറ്റും ചെയ്തിട്ടില്ല, സാധാരണ ഒരു സ്ത്രീയെ പോലെ അവരെ കാണണം. അതിജീവിതക്ക് ഒളിച്ചിരിക്കേണ്ട അവസ്ഥ ഉണ്ടാവരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അക്രമിക്കപ്പെട്ട നടിയുടെ തിരിച്ച് വരവ് ആഗ്രഹിക്കുന്നു. അതിജീവിത ഒളിച്ചിരിക്കരുത്, അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല, സുപ്രീം കോടതി വരെ പോകാന്‍ സാധ്യതയുള്ള കേസാണിത്. സത്യത്തെ മൂടിവെയ്ക്കാന്‍ പറ്റില്ല. കാലതാമസം എടുത്താലും പുറത്ത് വരും. ഇരയായവര്‍ പൊതുസമൂഹത്തില്‍ നിന്നും മാറി നില്‍ക്കേണ്ട കാര്യം ഇല്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് വരണം. സത്യം മൂടിവയ്ക്കാനാവില്ല. അത് എന്നായാലും പുറത്ത് വരും. അതിജീവിത മറവില്‍ നില്‍ക്കേണ്ട കാര്യമില്ല, അവരെ അങ്ങനെ നിര്‍ത്തുന്നത് ശരിയല്ല’, ആഷിഖ് അബു പറഞ്ഞു.

Also Read:‘സിനിമ കാണാൻ ആളില്ല’: ആറാട്ടിന് പണി കൊടുക്കാൻ ഇറങ്ങി സ്വയം പണി മേടിച്ച് യുവാക്കൾ, അഞ്ച് പേർക്കെതിരെ കേസ്

അതേസമയം, അതിജീവിതയ്ക്ക് നീതി ലഭിക്കാൻ വൈകിയോ എന്ന ചോദ്യത്തിന് അഭിമുഖത്തിൽ പങ്കെടുത്ത നടൻ ടൊവിനോ തോമസും സമാന അഭിപ്രായമാണ് പങ്കുവെച്ചത്. നടിക്ക് നീതി വൈകുന്നു എന്ന കാര്യത്തിൽ ചോദ്യം ചെയ്യപ്പെടേണ്ടത് അമ്മ സംഘടനയല്ലെന്നും ചോദ്യം ചോദിക്കേണ്ടത് കോടതിയോട് ആണെന്നും ടൊവിനോ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താര സംഘടനയെന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ടൊവിനോ പറയുന്നു.

‘നടിക്ക് നീതി വൈകുന്നു എന്നതില്‍ തീരുമാനം എടുക്കേണ്ടത് അമ്മ അല്ല. അക്കാര്യത്തില്‍ സംഘടനയേക്കാള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് കോടതിയാണ് എന്നാണ് എന്റെ വിശ്വാസം. അമ്മ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗമാണ് ഞാൻ, പക്ഷെ അമ്മയുടെ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് ഞാനല്ല. എനിക്ക് കിട്ടിയ വേദിയില്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യും. ഞാന്‍ പറയുന്നത് എന്റെ അഭിപ്രായം ആയിരിക്കാം, അതിന് മറ്റ് വശങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ എനിക്ക് തോന്നുന്ന, എന്റേതായ അഭിപ്രായങ്ങള്‍ ഞാൻ അമ്മയില്‍ പറയും. അമ്മ ഒരു നീതി ന്യായ വ്യവസ്ഥയല്ല. അത് കോടതിയാണ്. അക്രമിക്കപ്പെട്ട നടിക്ക് സംഘടനയില്‍ നിന്നും പിന്തുണ പ്രഖ്യാപിച്ച് എത്തിയവരെ കണ്ടില്ലെന്ന് നടിക്കരുത്’, ടൊവിനോ വ്യക്തമാക്കി.

അതേസമയം, ടൊവിനോയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നാരദൻ’ മാര്‍ച്ച് 3 ന് റിലീസ് ചെയ്യും. ‘വൈറസി’ന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാരദന്‍. ഒരു ടെലിവിഷന്‍ വാര്‍ത്താ ചാനലിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മാധ്യമപ്രവർത്തകൻ ആയിട്ടാണ് ടൊവിനോ വരുന്നത്. ഉണ്ണി ആര്‍ രചന നിർവഹിക്കുന്ന ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായിക. ഇതാദ്യമായാണ് അന്നയും ടൊവിനോയും ഒന്നിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button