ഇളയരാജയുടെ ഗാനങ്ങള്‍ ഇനി ഉപയോഗിക്കരുതെന്ന് സംഗീത വിതരണക്കമ്പനികളോട് മദ്രാസ് ഹൈക്കോടതി. നാല് വിതരണക്കമ്പനികളെയാണ് കോടതി ഇതിൽ നിന്നും വിലക്കിയത്. എക്കോ, അഗി മ്യൂസിക്, യുനിസെസ്, ഗിരി ട്രേഡിങ് എന്നീ സ്ഥാപനങ്ങളെയാണ് കോടതി വിലക്കിയത്. സ്ഥാപനങ്ങള്‍ക്ക് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസയക്കാന്‍ കോടതി ഉത്തരവിട്ടു.
ഈ കമ്പനികളുമായുണ്ടാക്കിയ കരാര്‍ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇളയരാജ നല്‍കിയ ഹര്‍ജി ആദ്യം കോടതി പരിഗണിച്ചെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്ന് ഇതിനെതിരെ രണ്ടാമത് നല്‍കിയ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്. പകര്‍പ്പവകാശ നിയമം പരിഗണിക്കാതെയാണ് ഏകാംഗ ബെഞ്ച് ഹര്‍ജി തള്ളിയതെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ഇളയരാജ വാദിച്ചത്. തനിക്കിത് വലിയ നഷ്ടത്തിന് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. ഹര്‍ജി മാര്‍ച്ച് 21-ന് വീണ്ടും പരിഗണിക്കും.
നേരത്തെ, തന്റെ പാട്ടുകള്‍ ഗാനമേളകള്‍ക്കും സ്റ്റേജ് ഷോകള്‍ക്കും ഉപയോഗിക്കുന്നതിന് റോയല്‍റ്റി നല്‍കണമെന്നാവശ്യപ്പെട്ട് ഇളയരാജ രംഗത്തെത്തിയിരുന്നു. പണം വാങ്ങിയുള്ള പരിപാടികള്‍ക്ക് തന്റെ പാട്ട് പാടിയാല്‍ റോയല്‍റ്റി ലഭിക്കണമെന്നാവശ്യപ്പെട്ട് എസ്.പി. ബാലസുബ്രഹ്‌മണ്യത്തിനും അദ്ദേഹം നോട്ടീസ് അയച്ചിരുന്നു.
Post Your Comments