ജിയോ ബേബി അവതരിപ്പിക്കുന്ന ആന്തോളജി ചിത്രം ‘ഫ്രീഡം ഫൈറ്റ്’ മികച്ച അഭിപ്രായങ്ങള്‍ നേടുകയാണ്. ഫെബ്രുവരി 11നായിരുന്നു ഫ്രീഡം ഫൈറ്റ് സോണി ലിവില്‍ പ്രദര്‍ശനത്തിനെത്തിയത്. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്’ ശേഷം ഉണ്ടായ സ്വാധീനം ഫ്രീഡം ഫൈറ്റിനെ പറ്റിയുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കാന്‍ കാരണമായി എന്നാണ് സംവിധായകൻ പറയുന്നത്. സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കി തയാറാക്കിയ അഞ്ച് സിനിമകളാണ് ഫ്രീഡം ഫൈറ്റിലുള്ളത്.
പ്രതിസന്ധികള്‍ നേരിട്ടായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ഒരുപാട് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ റിജക്ട് ചെയ്ത ചിത്രം ഒടുവില്‍ നീസ്ട്രീമിലാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ വന്‍വിജയത്തെ തുടര്‍ന്ന് പിന്നീട് ആമസോണ്‍ പ്രൈമിലും പ്രദര്‍ശിപ്പിച്ചിരുന്നു.
അന്ന് റിജക്ട് ചെയ്തവര്‍ തന്നെ ഫ്രീഡം ഫൈറ്റിനായി വിളിച്ചത് തന്നെ ഏറെ എക്‌സൈറ്റ് ചെയ്യിച്ചുവെന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സ് ഐസ് നടത്തിയ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളിൽ ജിയോ ബേബിയുടെ പ്രതികരണം.
സംവിധായകന്റെ വാക്കുകൾ :
‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ സംബന്ധിച്ചിടത്തോളം ഏറ്റവും എക്‌സൈറ്റ് ചെയ്യിച്ച കാര്യം എന്തെന്നാല്‍ ആ സിനിമ ഒരുപാട് പേര്‍ റിജക്ട് ചെയ്തതാണ്. ടെലിവിഷന്‍ ചാനലാണെങ്കിലും ഒ.ടി.ടി ആണെങ്കിലും റിജക്ട് ചെയ്തവരെല്ലാം ആണുങ്ങളാണ്. അങ്ങനെ റിജക്ട് ചെയ്തവര്‍ തന്നെ ഞങ്ങളെ ഫ്രീഡം ഫൈറ്റിനായി തിരിച്ചു വിളിച്ചു. അങ്ങനെയൊരു സാഹചര്യം ഇവിടെ ഉണ്ടാക്കിയത് ഇവിടുത്തെ പെണ്ണുങ്ങളാണ്. നമ്മുടെ ഒരു സിനിമ റിജക്ട് ചെയ്തവര്‍ നമ്മളെ വീണ്ടും വിളിക്കുന്നതാണ് എക്‌സൈറ്റ്‌മെന്റ് എന്ന് പറയുന്നത്’.
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായിരുന്ന മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവരാണ് ഈ ചിത്രവും നിര്‍മിച്ചത്.
Post Your Comments