മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. 1993ൽ റിലീസ് ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. നകുലനും സണ്ണിയും നാഗവല്ലിയുമെല്ലാം ഇന്നും മലയാളി പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. താരങ്ങൾക്കൊപ്പം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പുതുമുഖമായിരുന്നു രാമനാഥൻ. ഡോക്ടർ ശ്രീധർ ശ്രീറാം ആയിരുന്നു അന്ന് രാമനാഥനായി എത്തിയത്. നടനെന്നതിലുപരി പ്രഗത്ഭനായ നർത്തകനാണ് ശ്രീധർ. ഇപ്പോൾ മലയാള ചിത്രങ്ങളുടെ ഒരു വലിയ ആരാധകനാണ് താനെന്നും, രാജ്യത്തെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങള്‍ ഉണ്ടാകുന്നത് മലയാളത്തില്‍ നിന്നാണെന്നും പറയുകയാണ് താരം ബിഹൈന്‍ഡ് വുഡ്‌സ് ഐസിനോട്.
താരത്തിന്റെ വാക്കുകൾ :
ആള്‍ക്കൂട്ട മനശാസ്ത്രം കാണിച്ചുതന്ന ഏറ്റവും മികച്ച സിനിമയാണ് കിരീടം. ഒരു സാഹചര്യത്തോട് ആളുകള്‍ പ്രതികരിക്കുമ്പോള്‍ ഒരു വ്യക്തിയുടെ ജീവിതം എങ്ങനെ തകര്‍ക്കപ്പെടുന്നു എന്ന് കിരീടം കാണിച്ചു തരുന്നു. കിരീടം അസാധാരണമായ ഒരു സിനിമ ആണ്.അതുപോലെ ഭരതത്തിലും മികച്ച പ്രകടനമാണ് മോഹന്‍ലാല്‍ സാര്‍ കാഴ്ചവെച്ചത്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഈ സിനിമകള്‍ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്.
ഞാന്‍ ഒരുപാട് മലയാളം സിനിമകള്‍ കാണാറുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സിനിമകള്‍ ഉണ്ടാകുന്നത് മലയാളത്തില്‍ നിന്നുമാണ്. കഥ, അവതരണശൈലി, യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങള്‍, അസാധാരണമായ പ്രകടനം ഇതുകൊണ്ടെല്ലാം മലയാളം സിനിമകള്‍ മികച്ചുനില്‍ക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍, ഭരത് ഗോപി എന്നിവരുടെ സിനിമകള്‍ മമ്മൂട്ടിയുടെ ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍, അമരം ഇതെല്ലാം എനിക്ക് ഇഷ്ടപ്പെട്ട സിനിമകളാണ്. അതുപോലെ മോഹന്‍ലാലിന്റെ ചിത്രം, കിരീടം, ഭരതം ഇതെല്ലാം സ്വാധീനിച്ചിട്ടുണ്ട്’.
Post Your Comments