തനിക്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ വ്യക്തിപരമായി മോശം അനുഭവമൊന്നും ഉണ്ടായിട്ടില്ലെന്നും, ഇതുവരെ അനാവശ്യമായ ഒരു നോട്ടത്തിനു പോലും നിന്നു കൊടുക്കേണ്ടി വന്നിട്ടില്ലെന്നും നടി ഐശ്വര്യ ലക്ഷ്മി. നമുക്ക് നല്ല ബോധ്യമുള്ള ടീമിന്റെ കൂടെയേ വര്‍ക്ക് ചെയ്യൂ എന്നു കൂടി നാം തീരുമാനിക്കണം എന്നാണ് നടി മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
ഐശ്വര്യയുടെ വാക്കുകൾ :
ഇന്‍ഡസ്ട്രിയില്‍ തനിക്ക് വ്യക്തിപരമായി ഒരു മോശം അനുഭവമൊന്നും ഉണ്ടായിട്ടില്ല. ഇതുവരെ അനാവശ്യമായ ഒരു നോട്ടത്തിനു പോലും നിന്നു കൊടുക്കേണ്ടി വന്നിട്ടില്ല. ചിലപ്പോള്‍ താന്‍ ഓരോ തവണയും തിരഞ്ഞെടുത്ത ടീമിന്റെ മാന്യത കൊണ്ടു കൂടിയാകാം അത്. നമ്മള് സെലക്ടീവ് ആകുക എന്നാല്‍ കഥയുടെ കാര്യത്തില്‍ മാത്രമല്ല. നമുക്ക് നല്ല ബോധ്യമുള്ള ടീമിന്റെ കൂടെയേ വര്‍ക്ക് ചെയ്യൂ എന്നു കൂടി നാം തീരുമാനിക്കണം. ചൂഷണങ്ങള്‍ എല്ലാ മേഖലകളിലുമുണ്ട്. അതിന് എതിരെയുള്ള കരുതല്‍ നമ്മുടെ ഭാഗത്തുനിന്നും വേണം.
മലയാള സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ വേണം. മലയാള സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. നായകന്റെ നിഴലായി മാത്രം നായികയെ അവതരിപ്പിച്ചിരുന്ന കാലമൊക്കെ പിന്നിട്ടല്ലോ. സിനിമയ്ക്ക് പുറത്ത് സമൂഹത്തിലും തൊഴിലിടങ്ങളിലുമൊക്കെ സ്ത്രീകള്‍ക്ക് തുല്യ പരിഗണന ലഭിച്ചു തുടങ്ങി. സിനിമയെഴുതുന്നുവര്‍ തീര്‍ച്ചയായും ഈ മാറ്റം കാണുന്നുണ്ട്. ഒരുകാലത്തും സിനിമയ്ക്ക് മാത്രം പുരുഷ കേന്ദ്രീകൃതമായി തുടരാന്‍ കഴിയില്ലല്ലോ.സിനിമയിലും സ്ത്രീകള്‍ക്കുള്ള സ്പേസ് കൂടി വരുന്നുണ്ട്. എപ്പോഴും നായിക കേന്ദ്രീകൃത സിനിമകള്‍ വേണമെന്നല്ല, ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ വേണമെന്നാണ് താന്‍ കരുതുന്നത്.’
Post Your Comments