InterviewsLatest NewsNEWS

ആദ്യം ആ സ്ഥലം കണ്ടപ്പോൾ ഇതു കേരളത്തിൽ തന്നെയാണോ എന്നുപോലും സംശയിച്ചു: കുമ്പാച്ചി മലയെ കുറിച്ച് സം​ഗീത് ശിവൻ

കുറച്ചു ദിവസങ്ങളായി പാലക്കാട് കുമ്പാച്ചി മല വാർത്തകളിൽ ഇടംപിടിച്ചിട്ട്. ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയത് മുതൽ സോഷ്യൽമീഡിയയിൽ നിറഞ്ഞു നിന്നത് കുമ്പാച്ചി മല ആയിരുന്നു. ഈ കുമ്പാച്ചി മലയെ മുമ്പെവിടെയോ കണ്ടിട്ടുണ്ടല്ലോ…? എന്ന സംശയം സിനിമാപ്രേമികളെ കൊണ്ടെത്തിച്ചത് മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായ യോദ്ധയിലാണ്. അശോകൻ എന്ന മോഹൻലാൽ കഥാപാത്രം അഭ്യാസമുറകൾ പരിശീലിക്കുന്ന രം​ഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയായിരുന്നു. 1992ൽ ആയിരുന്നു യോദ്ധ റിലീസ് ചെയ്തത്. മലയാളികൾ നേപ്പാളിന്റെ ദൃശ്യഭം​ഗി ആസ്വദിച്ചതും യോദ്ധ എന്ന സിനിമയിലൂടെയായിരുന്നു. ആ ഓർമകളെ കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ സം​ഗീത് ശിവൻ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സം​ഗീത് ശിവന്റെ വാക്കുകൾ :

സത്യം പറഞ്ഞാൽ ഈ പേരുകളൊക്കെ ചാനലുകളിൽ കേട്ടപ്പോൾ ഇത് ഞങ്ങൾ ഷൂട്ട് ചെയ്ത സ്ഥലമാണെന്ന് യാതൊരു ഐഡിയയും ഇല്ലായിരുന്നു. ചാനലുകളിൽ കാണിച്ചതൊക്കെ ഡ്രോൺ ദൃശ്യങ്ങൾ ആയിരുന്നല്ലോ. ഞങ്ങൾ അന്ന് കണ്ടത് ഐ ലെവലിലുള്ള കാഴ്ചകളും. യുവാവ് മലയിടുക്കിൽപ്പെട്ടതും അതുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനവുമെല്ലാം എല്ലാവരെയും പോലെ ഞാനും ശ്രദ്ധിച്ചിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ എന്റെ മൊബൈലിലേക്ക് യോദ്ധയിലെ സ്ക്രീൻഷോട്ടുകൾ വരാൻ തുടങ്ങി. അപ്പോഴാണ് ഞാനും ഇക്കാര്യം ശ്രദ്ധിച്ചത്. മോഹൻലാലിനെ ആയോധനവിദ്യ പരിശീലിപ്പിക്കുന്ന രംഗങ്ങളെല്ലാം പാലക്കാടാണ് ചിത്രീകരിച്ചത്. ചില ഭാഗങ്ങൾ അന്ന് നേപ്പാളിൽ ചിത്രീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

തിരിച്ച് നേപ്പാളിൽ പോകുന്നതിനേക്കാൾ ആ പരിശീലകനെ മാത്രം കേരളത്തിലേക്ക് കൊണ്ടുവന്ന് ഇവിടെ ചിത്രീകരിക്കുന്നതല്ലേ എന്ന് തോന്നി. അങ്ങനെയാണ് പാലക്കാട് ചിത്രീകരിച്ചത്. പ്രണവം മേനോൻ ചേട്ടനായിരുന്നു ആ സമയത്ത് പ്രൊഡക്ഷന്റെ മേൽനോട്ടം. അദ്ദേഹമാണ് കുമ്പാച്ചി മലയും പരസരപ്രദേശങ്ങളും നിർദേശിച്ചത്. അങ്ങനെ ഞങ്ങൾ അവിടെ കാണാൻ പോയി. ഞാൻ ആദ്യം ആ സ്ഥലം കണ്ടപ്പോൾ ഇതു കേരളത്തിൽ തന്നെയാണോ എന്നുപോലും സംശയിച്ചു. അത്രയും മനോഹരമായ കാഴ്ചയായിരുന്നു അത്. അവിടെ എത്തിപ്പെടാൻ കുറച്ചുപാടുപെട്ടു. അന്നത്തെ കാലത്ത് ലൊക്കേഷൻ കാണാൻ പോകുന്നതൊക്കെ നല്ല കഷ്ടപ്പാടുള്ള കാര്യമാണ്. ഇപ്പോഴത്തെ പോലെ ആരെയെങ്കിലും വിട്ട് കുറച്ച് പടങ്ങൾ എടുത്തിട്ട് വാ എന്ന് പറയാൻ കഴിയില്ല. നമ്മൾ തന്നെ പോകണം. കുമ്പാച്ചി മല പശ്ചാത്തലമായി ലഭിക്കുന്ന തരത്തിലാണ് അന്ന് ദൃശ്യങ്ങളെടുത്തത്. ആ മല പശ്ചാത്തലത്തിൽ വന്നാലല്ലേ നേപ്പാളായി തോന്നുകയുള്ളൂ. കൂടാതെ ഗുഹയ്ക്കകത്തെ ഫൈറ്റും ചിത്രീകരിച്ചത് പാലക്കാട് സെറ്റിട്ടായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button