InterviewsLatest NewsNEWS

എല്ലാം തുടങ്ങിയത് നീണ്ടകര പാലത്തിൽ നിന്ന്: തന്റെ സിനിമ ജീവിതത്തിന്റെ തുടക്കം വിവരിച്ച് ലാലു അലക്സ്

ബ്രോ ഡാഡിയിലെ കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടന്‍ ലാലു അലക്‌സ്. എന്‍ ശങ്കര്‍ നായര്‍ സംവിധാനം ചെയത് ‘ഈ ഗാനം മറക്കുമോ’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ നടനാണ് ലാലു അലക്സ്. എന്നാല്‍ ലാലു അലക്‌സ് ആദ്യമായി അഭിനയിച്ച ആദ്യത്തെ സിനിമ ശങ്കരന്‍ നായരുടെ തന്നെ ‘തരു ഒരു ജന്മം കൂടി’ എന്ന ചിത്രത്തിലായിരുന്നു. പക്ഷെ ഈ സിനിമ റിലീസ് ആയില്ല. ഈ ചിത്രത്തില്‍ തനിക്ക് വേഷം കിട്ടിയ കഥ തുറന്നു പറയുകയാണ് ലാലു അലക്‌സ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിൽ.

ലാലു അലക്സിന്റെ വാക്കുകൾ:

‘കരുനാഗപ്പള്ളിയിൽ നിന്ന് ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ നീണ്ടകര പാലം എത്തിയപ്പോൾ ഒരു അംബാസിഡർ കാർ എന്റെ ബുള്ളറ്റിനെ കടന്നു പോയി, അതിനോടൊപ്പം തന്നെ ആ കാറിൽ നിന്നൊരാൾ എന്നെ കൈ വീശി കാണിക്കുകയും ചെയ്തു. ഞാൻ ലോഡ്ജിൽ മടങ്ങിയെത്തി, കുളിയെല്ലാം കഴിഞ്ഞിരിക്കുമ്പോൾ ജനയുഗത്തിൽ നിന്ന് എനിക്കൊരു ഫോൺ കോൾ വന്നു. അന്ന് ലാൻഡ് ഫോൺ അല്ലെ ഉള്ളോ. ഞാൻ താമസിച്ചിരുന്നത് കണ്ണൻ ലോഡ്ജിലാണ്. താഴേക്കിറങ്ങി കോൾ എടുത്തപ്പോൾ ജനയുഗത്തിലെ വിധുര ബേബി ചേട്ടനാണ് വിളിക്കുന്നത്.

‘ലാലു ഞാനാ, തെങ്ങമം സർ പറഞ്ഞിട്ട് വിളിക്കുന്നതാ, നിന്നെ ഇന്ന് സർ കണ്ടിരുന്നു കാറിൽ വരുമ്പോൾ, കൈ വീശി കാണിക്കുകയും ചെയ്തു. ലാലു എപ്പോഴാ ഫ്രീയാകുന്നത്? ഇങ്ങോട്ടൊന്ന് വരാവോ?’. അന്നേരം ഞാനൊരു ഫസ്റ്റ് ഷോയ്ക്ക് പോകാൻ നിൽക്കായിരുന്നു. എന്നാലും ഞാൻ വരാമെന്ന് പറഞ്ഞു. നേരെ സാറിനെ കാണാൻ ചെന്നു. കയറി ചെന്നപ്പോഴേ ചോദിച്ചു, ‘നീ എവിടെ പോയതായിരുന്നു എന്ന്’. കരുനാഗപ്പളിയിൽ ജോലി കഴിഞ്ഞ് വരുന്ന വഴിയായിരുന്നു എന്ന് പറഞ്ഞപ്പോൾ എന്നെ കണ്ടിരുന്നുവെന്നും തെങ്ങമം സാറിന്റെ കൂടെ ശങ്കർ നായർ സാറും കൂടിയുണ്ടായിരുന്നു എന്നും പറഞ്ഞു.

ദൈവമേ മദനോത്സവം, രാസലീല ഇതെല്ലം നാലോ അഞ്ചോ കണ്ടു കഴിഞ്ഞു. അവനേതാണെന്ന് ശങ്കർ നായർ സർ ചോദിച്ചപ്പോൾ ഞാൻ ഒരു മെഡിക്കൽ റെപ്പാണെന്ന് തെങ്ങമം സർ പറയുകയും ചെയ്തു. ശങ്കർ നായർ സർ അപ്പോൾ തന്നെ ചോദിച്ചെന്ന്, ‘അവന് സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോയെന്ന്’. അപ്പോൾ തന്നെ ശങ്കർ നായർ സാറിനെ വിളിച്ചപ്പോൾ കുറച്ച് ദിവസം തിരുവനന്തപുരത്തുണ്ടെന്നും, എനിക്കെപ്പോഴാ അങ്ങോട്ട് പോകാൻ കഴിയുക എന്നും ചോദിച്ചു.

അടുത്ത ദിവസം തന്നെ തിരുവനന്തപുരം കീർത്തി ഹോട്ടലിൽ പോയി ഞാൻ ശങ്കർ നായർ സാറിനെ കണ്ടു. അപ്പോൾ തന്നെ എനിക്ക് അവിടെ റൂം പറയുന്നു, അന്ന് വൈകീട്ട് തന്നെ എന്റെയൊരു സീൻ എടുക്കുന്നു. അതാണ് തരൂ ഒരു ജന്മം കൂടി, പക്ഷെ ആ സിനിമ ജന്മം കൊണ്ടില്ല. ആ സിനിമ പിന്നീട് റിലീസായില്ല. അങ്ങനെ ഷൂട്ടിംഗ് എല്ലാം കഴിഞ്ഞ് ഞാൻ തിരികെ വന്നു. അതിനുശേഷം വീരഭദ്രൻ എന്ന സിനിമയിലും എനിക്കൊരു വേഷം തന്നു. പിന്നെയാണ് ഈ ഗാനം മറക്കുമോ വരുന്നത്. എല്ലാം തുടങ്ങിയത് നീണ്ടകര പാലത്തിൽ നിന്നാണ്.’

 

shortlink

Related Articles

Post Your Comments


Back to top button