മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ അനുഭവം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. തിരക്കേറിയ ഷെഡ്യൂളിനിടക്ക് തന്നെ കാണാന്‍ അനുവദിച്ചതിലും ഒപ്പം പ്രഭാതഭക്ഷണം കഴിച്ചതിലും ഉണ്ണി മുകുന്ദന് സന്തോഷം രേഖപ്പെടുത്തി. മുഖ്യമന്ത്രിയെ കാണാന്‍ താരത്തിന് അവസരമൊരുക്കിയത് ജോണ്‍ ബ്രിട്ടാസ് എം.പി ആണ്. ഇദ്ദേഹത്തിനും താരം നന്ദി അറിയിക്കുന്നുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മേപ്പടിയാന്’ കാണാന്‍ മുഖ്യമന്ത്രി സമ്മതിച്ചുവെന്നും അത് കൂടിക്കാഴ്ചയിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്തിന്റെ ഏതാവശ്യത്തിനും താൻ കൂടെയുണ്ടാകുമെന്നും ഉണ്ണി മുകുന്ദന് കൂട്ടിച്ചേര്‍ത്തു.
Also Read:‘കുട്ടിയേക്കാൾ ഇഷ്ടം പട്ടിക്കുട്ടിയെ’: പ്രിയങ്ക ചോപ്രയെ വിടാതെ സദാചാരവാദികൾ
‘കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സാറിനെ കാണാന്‍ സാധിച്ചതില്‍ സന്തോഷം. താങ്കളുടെ തിരക്കേറിയ ഷെഡ്യൂളിനിടയില്‍ എനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിലും പ്രഭാതഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതിലും നന്ദി. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മകളില്‍ ഒന്നായിരിക്കും ഇത്. ഇങ്ങനെയൊരു അവസരമുണ്ടാക്കി തന്നതില്‍ ജോണ്‍ ബ്രിട്ടാസ് ഏട്ടന് നന്ദി. നമ്മുടെ സംസ്ഥാനത്തിന് വേണ്ടിയുള്ള എന്ത് ആവശ്യത്തിനും ഭാഗമാകാന്‍ ഞാന്‍ എപ്പോഴും തയാറായിരിക്കും.ഈ കൂടികാഴ്ചയില്‍ എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് താങ്കള്‍ മേപ്പടിയാന് സിനിമ കാണാമെന്ന് സമ്മതിച്ചതാണ്. താങ്കള്‍ എപ്പോഴും ആരോഗ്യവാനും ഊര്‍ജ്വസ്വലനുമായിരിക്കട്ടെ’, ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമിച്ച മേപ്പടിയാൻ ദുബായ് എക്സ്പോയില്‍ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാവുകയാണ്. ലോകം മുഴുവനും ശ്രദ്ധ നേടിയ ദുബായ് എക്സ്പോയില്‍ അഭിമാനമായി മലയാള ചിത്രം മേപ്പടിയാന് പ്രദര്‍ശിപ്പിക്കുന്നു. ദുബായ് എക്സപോയില്‍ ഏറെ ശ്രദ്ധ നേടിയ ഇന്ത്യന്‍ പവലിയനിലാണ് ചിത്രം പ്രദർശിപ്പിക്കുക. ഫെബ്രുവരി ആറിന് ദുബായ് എക്സ്പോ 2020 യുടെ ഇന്ത്യന്‍ പവിലിയനിലെ ഫോറം ലെവല്‍ മൂന്നില്‍ വൈകിട്ടു അഞ്ച് മണി മുതല്‍ ഏഴ്മണി വരെയാണ് ആണ് മേപ്പടിയാന് പ്രദര്‍ശിപ്പിക്കുന്നത്. സംവിധായകൻ വിഷ്ണു മോഹൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Post Your Comments