നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ നടൻ ദിലീപ് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് സംവിധായകൻ ബാലചന്ദ്ര കുമാർ രംഗത്ത് വന്നതോടെയാണ് ദിലീപിനെതിരെ പോലീസ് രണ്ടാമതും കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധിപറയുമെന്നിരിക്കെ ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി നിർമാതാവ് സജി നന്ത്യാട്ട്, സാമൂഹ്യ നിരീക്ഷകൻ രാഹുൽ ഈശ്വർ, സംവിധായകൻ ശാന്തിവിള ദിനേശ് എന്നിവർ രംഗത്ത് വന്നിരുന്നു.
തന്റെ ആരോപണങ്ങൾക്കെതിരെ കൃത്യമായ സംശയങ്ങൾ ഉന്നയിച്ച ശാന്തിവിള ദിനേശിനെ പരസ്യമായി ‘തീർത്തുകളയുമെന്ന്’ ഭീഷണിസ്വരത്തിൽ പറഞ്ഞ ബാലചന്ദ്ര കുമാറിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ദി ന്യൂസ് ഗ്ലോബ് ടിവി എന്ന ചാനലിന് ബൈജു കൊട്ടാരക്കരയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ബാലചന്ദ്ര കുമാർ ശാന്തിവിള ദിനേശിനെതിരെ ‘പ്രകോപനപരമായ’ പ്രസ്താവന നടത്തിയത്.
വൈറലാകുന്ന വീഡിയോയിലെ സംഭാഷണം ഇങ്ങനെ:
ബാലചന്ദ്ര കുമാർ: ഉളുപ്പില്ലേ ഈ മനുഷ്യന്? ഒരു സ്ത്രീയ്ക്കെതിരെ അയാൾ എന്തൊക്കെയോ പറഞ്ഞല്ലോ. നല്ല ആണുങ്ങൾ ഇല്ലാഞ്ഞിട്ടാണ്. ആ സ്ത്രീയുടെ കുടുംബത്തിൽ നല്ല ആണുങ്ങൾ ഉണ്ടായിരുന്നേൽ ഇയാളുടെ കയ്യും കാലും അടിച്ച് തകർത്തേനെ. ബൈജുവിന്റെ സഹോദരിയെ പറഞ്ഞാൽ വെറുതെ വിടുമോ?
ബൈജു കൊട്ടാരക്കര: തീർത്തുകളയും.
ബാലചന്ദ്ര കുമാർ: ആ… തീർത്തുകളയും നമ്മൾ. ഒരു അറ ശബ്ദവും കൊണ്ട് നടക്കുന്നു. പുരുഷന്റെ ശബ്ദം പോലുമില്ല അവന്. മറുപടി അർഹിക്കുന്നെ ഇല്ല. കള്ള ഹിന്ദുവാണ് അയാൾ. കമ്മ്യൂണിസ്റ്റുകാരൻ.
ഏതായാലും ശാന്തിവിള ദിനേശിനെ ആക്ഷേപിച്ച ബാലചന്ദ്ര കുമാറിനെതിരെ വിമർശനം ഉയരുന്നുണ്ട്. ഏത് വിഷയത്തിലായും എതിരഭിപ്രായമുണ്ടെങ്കിലും ‘പുരുഷന്റെ ശബ്ദം പോലുമില്ല’ എന്ന വാക്കുകളെല്ലാം ഉപയോഗിച്ച് അയാളെ അധിക്ഷേപിക്കുന്നത് മ്ലേച്ഛകരമായ കാര്യമാണെന്ന് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നു. കമ്മ്യൂണിസ്റ്റുകാരായ ഹിന്ദുക്കളെല്ലാം കള്ള ഹിന്ദുക്കൾ ആണെന്ന ബാലചന്ദ്രകുമാറിന്റെ ഡയലോഗ് ശാന്തിവിള ദിനേശിനെ മാത്രമല്ല കമ്മ്യൂണിസ്റ്റ് ചിന്താഗതി വെച്ചുപുലർത്തുന്നവരെയും ഹിന്ദുക്കളെയും അപമാനിക്കുന്ന തരത്തിലുള്ളവയാണ്. സംഭാഷണത്തിനിടെ ഇരുവരും പറയുന്ന ‘തീർത്തുകളയും’ എന്ന ഡയലോഗ് മറ്റൊരു സാഹചര്യത്തിൽ സ്വന്തം വീട്ടിലിരുന്ന് ദിലീപ് പറഞ്ഞ ‘അവർ അനുഭവിക്കും’ എന്നതിന് തുല്യമല്ലെ എന്ന് നിരീക്ഷകർ ചോദിക്കുന്നു.
‘അവര്‍ അനുഭവിക്കേണ്ടി വരും’, ഇതാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ ക്രൈംബാഞ്ചിന് കൈമാറിയ ദിലീപിന്റെ ശബ്ദങ്ങളില്‍ ഒന്ന്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ പറഞ്ഞുപോയ ശാപ വാക്കുകള്‍ എന്നായിരുന്നു ഹൈക്കോടതിയില്‍ ദിലീപ് വെളിപ്പെടുത്തിയത്. വെറുതെ വാക്കാൽ പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ എന്ന് കോടതി വരെ നിരീക്ഷിച്ച വിഷയമാണ്. ദിലീപ് പറഞ്ഞത് ‘ക്രിമിനൽ ഗൂഡാലോചന’ ആണെങ്കിൽ ചാനലിൽ കയറിയിരുന്ന് ബാലചന്ദ്രനും കൂട്ടരും പറഞ്ഞതും ‘ക്രിമിനൽ ഗൂഡാലോചന’ തന്നെ അല്ലെ? അതിനെതിരെയും കേസെടുക്കേണ്ടേ?
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തനിക്കെതിരെ കേസെടുത്തത്. വീഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് വാദിച്ചു. ബാലചന്ദ്രകുമാര്‍ പറയാത്ത പല കാര്യങ്ങളും എഫ്ഐആറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പോരാ എന്ന് കണ്ടാണ് പൊലീസ് തനിക്കെതിരെ പുതിയ കേസെടുത്തതെന്നും ദിലീപ് പറഞ്ഞു. പല കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ല എന്നും ദിലീപിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു.
Post Your Comments