കോവിഡ് വ്യാപനത്തിന്റെ ഭാഗമായി സി ക്യാറ്റഗറി വരുന്ന ജില്ലകളിലെ ബാറുകളും മാളുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ തിയേറ്ററുകള്‍ അടക്കുന്നതില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രിയ്ക്ക് കത്തുമായി ഫെഫ്ക. തിയേറ്ററുകളെ വ്യാപനപ്രഭവമായി കാണാന്‍ നമ്മുടെ വിദഗ്ധസമിതിയെ പ്രേരിപ്പിച്ച ശാസ്ത്രീയ വസ്തുതകള്‍ എന്താണ് എന്ന ചോദ്യമുന്നയിച്ച ഫെഫ്ക മാളുകളോ, ബാറുകളോ, റെസ്റ്ററന്റുകളോ പ്രവര്‍ത്തിക്കരുത് എന്ന് പറയാനല്ല. അവരോടൊപ്പം, തിയേറ്ററുകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത് എന്നും വ്യക്തമാക്കി .
ഫെഫ്കയുടെ കത്തിന്റെ പൂര്‍ണ്ണരൂപം:
പ്രിയ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി.വീണാ ജോര്‍ജ്ജിന്, ഒരു ജില്ല ‘സി’ കാറ്റഗറിയില്‍ ആകുമ്പോള്‍ അടച്ചു പൂട്ടപ്പെടുന്നത് ജിം/ഹെല്‍ത്ത് ക്ലബ്ബുകള്‍, നീന്തല്‍ കുളങ്ങള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവ മാത്രമാണ്. മാളുകള്‍, ബാറുകള്‍, റസ്റ്ററന്റുകള്‍ എന്നിവയ്ക്കെല്ലാം ഒരു തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കാം. ഞങ്ങള്‍ മനസ്സിലാക്കിയത്, അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സുകളിലേയും, സ്റ്റാര്‍ ഹോട്ടലുകളിലെ ജിമ്മുകളും നീന്തല്‍ക്കുളങ്ങളും തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. സലൂണുകളും, ബ്യൂട്ടി പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്കൊന്നുമില്ലാത്ത കോവിഡ് വ്യാപനശേഷി തിയേറ്ററുകള്‍ക്കുണ്ടെന്നാണ് നമ്മുടെ സംസ്ഥാനത്തെ വിദഗ്ധസമിതിയുടെ കണ്ടത്തല്‍. എന്താണ് ഈ കണ്ടെത്തലിന്റെ ശാസ്ത്രീയ അടിത്തറ എന്നറിയാനുള്ള അവകാശം ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ട്.
എന്നാല്‍ വാസ്തവത്തില്‍, ഈ പറഞ്ഞ ഇടങ്ങളില്‍ നിന്നെല്ലാം സിനിമാ തിയേറ്ററുകളെ താരതമ്യേന സുരക്ഷിതമാക്കി തീര്‍ക്കുന്ന നിരവധി ഘടകങ്ങളുണ്ട്. 50% സീറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്കായി മാറ്റിവെച്ചിട്ടുള്ളത്. പ്രവേശനം ഒരു ഡോസെങ്കിലും വാക്സിനെടുത്തവര്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. എല്ലാവരും മാസ്കുകള്‍ ധരിച്ചാണ് തിയേറ്ററിനുള്ളില്‍ സിനിമ കാണുന്നത്. മുഖങ്ങള്‍ സ്ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ പാനീയങ്ങള്‍ ഓഡിറ്റോറിയത്തിനുള്ളില്‍ വിതരണം ചെയ്യപ്പെടുന്നില്ല. ഒരാളും മറ്റൊരാളും തമ്മില്‍ ഒരു സീറ്റിന്റെ അകലമുണ്ട്. ഈ വസ്തുതകളെല്ലാം തിയേറ്ററുകളെ റെസ്റ്ററന്റുകളില്‍ നിന്നും, ബാറുകളില്‍ നിന്നും, സ്പാ പാര്‍ലര്‍ സലൂണുകളില്‍ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ട്.
തിയേറ്ററുകളെ വ്യാപനപ്രഭവമായി കാണാന്‍ നമ്മുടെ വിദഗ്ധസമിതിയെ പ്രേരിപ്പിച്ച ശാസ്ത്രീയ വസ്തുതകള്‍ എന്താണ്? മാളുകളും റെസ്റ്ററന്റുകളും ബാറുകളും തുറന്ന് പ്രവർത്തിക്കുന്നു. അപ്രതീക്ഷിതമായി അടച്ചു പൂട്ടേണ്ടി വന്നത് തീയറ്ററുകള്‍ മാത്രം. തിയേറ്റര്‍ സൂപ്പര്‍ സ്പൈഡര്‍ ആയി മാറിയ ഒരു സംഭവമെങ്കിലും ഇന്ത്യയില്‍ എവിടെയെങ്കിലും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? മാളുകളും, ബാറുകളും, റെസ്റ്ററന്റുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍, തിയറ്ററുകള്‍ മാത്രം അടച്ചുപൂട്ടുന്ന ഒരു സമീപനം കേരളം അല്ലാതെ മറ്റേതെങ്കിലും സംസ്ഥാനം ഇന്ത്യയില്‍ സ്വീകരിച്ചിട്ടുണ്ടോ? തീയറ്ററുകള്‍ സുരക്ഷിതമാണെന്ന ഉത്തമ ബോധ്യത്തില്‍ ‘കുറുപ്പും ‘മരയ്ക്കാറും’ ‘സ്പൈഡര്‍മാനും’ ഇപ്പോള്‍ ‘ഹൃദയവും കാണാന്‍ ഒഴുകിയെത്തുന്ന പ്രേക്ഷക സമൂഹത്തോടെങ്കിലും വിദഗ്ധ സമിതി ഉത്തരം പറഞ്ഞേ തീരൂ. ഇത്രയും പറഞ്ഞത്, മാളുകളോ, ബാറുകളോ, റെസ്റ്ററന്റുകളോ പ്രവര്‍ത്തിക്കരുത് എന്ന് പറയാനല്ല. അവരോടൊപ്പം, തിയേറ്ററുകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അവര്‍ക്കെല്ലാം ബാധകമായത് ഞങ്ങള്‍ക്കും ബാധകം; അതാണ് യുക്തിസഹം.
Post Your Comments